സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം- കുഞ്ഞുമുഖങ്ങളില്‍ ചിരി മടങ്ങിയെത്തുമോ? നമ്മളറിയണം
നമ്മുടെ കുഞ്ഞുങ്ങളുടെ നടുവൊടിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കല്ലെടുക്കുന്ന തുമ്പികളും ഭാരം വലിക്കുന്ന വണ്ടിക്കാളകളുമായിരുന്നു ഇക്കാലമത്രയും അവര്‍. വീട്ടുപടിക്കല്‍ സ്‌കൂള്‍ വണ്ടി വന്ന് നിന്ന് കൊണ്ടുപോകുന്ന ഭാഗ്യവാന്‍മാരായ കുട്ടികളെ കുറിച്ചല്ല. ആ ഭാഗ്യമില്ലാത്തവരെ കുറിച്ചാണ്. കിലോമീറ്ററുകളോളം കിലോക്കണക്കിന് ഭാരം മുതുകത്ത് ചുമക്കാന്‍ വിധിക്കപ്പെട്ട പാവം കുഞ്ഞുങ്ങളെ കുറിച്ചാണ്. മുതുകത്ത് ചുമന്ന ഭാരത്തിലുമേറെയാണ് കുരുന്നു തലച്ചോറുകളില്‍ ക്ലാസ്മുറികളില്‍ കുത്തിവെച്ച വിദ്യാഭാരം. ഹോംവര്‍ക്ക് ചെയ്യാത്തതിന് അപമാനിതരായി ക്ലാസിന്റെ മൂലകളിലും ബഞ്ചിന് മുകളിലും അവര്‍ നിന്നിട്ടുണ്ട്. മാറ്റത്തിന്റെ ഒരു കാറ്റ് വീശുകയാണ്. തോള്‍സഞ്ചിയുടെയും പഠനത്തിന്റെയും ഭാരം കുറക്കാനാണ് കേന്ദ്രനിര്‍ദ്ദേശം. വലിഞ്ഞുമുറുകിയ കുഞ്ഞുമുഖങ്ങളില്‍ ചിരി മടങ്ങിവരുമോ. നടപ്പാക്കാകുമോ മാറ്റം. നമ്മളറിയണം.