വേലി തന്നെ വിളവ് തിന്നുന്ന കാലമോ
വേലി തന്നെ വിളവ് തിന്നുന്ന കാലമോ ഇത്. ഹര്‍ത്താലിലും പണിമുടക്കിലുമൊക്കെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെ കയ്യടിയോടെയാണ് പൊതുജനം സ്വീകരിച്ചത്. പക്ഷേ ആ ദിനം തന്നെ പൊതുജനത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്. പണിമുടക്ക് ദിനം തിരുവനന്തപുരം എസ്.ബി.ഐ ശാഖയില്‍ അതിക്രമിച്ച് കയറി മാനേജരുടെ കാബിനടക്കം അടിച്ചു തകര്‍ത്ത എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ അഴിഞ്ഞാട്ടം പൊതുസമൂഹത്തിന് പൊറുക്കാനാവുന്നതല്ല. പണിമുടക്കിനിടയില്‍ പരാക്രമികളാകുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ മറന്നുപോകരുത് കര്‍ത്തവ്യബോധവും ഉത്തരവാദിത്തവും. ആരുടെ പിന്‍ബലത്തിലാണ് നിയമത്തെ നോക്കുകുത്തിയാക്കുന്ന ഇത്തരം അഴിഞ്ഞാട്ടങ്ങള്‍. കേരള സര്‍വ്വീസ് ചട്ടം പോലും കാറ്റില്‍ പറത്തിയാണ് ഇവരുടെ അതിക്രമമെന്ന് നമ്മളറിയണം.