കുഞ്ഞുങ്ങള്‍ കൊല്ലപ്പെടേണ്ടവരോ?
'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍' പോയനൂറ്റാണ്ടില്‍ വൈലോപ്പിള്ളി എഴുതിയതാണിത്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ആവര്‍ത്തിച്ചാവര്‍ത്തിച്ച് നാം മനസ്സിലുറപ്പിച്ച പാഠം. നഷ്ടമായ കുഞ്ഞിനെയോര്‍ത്ത്, അവന്റെ ഇഷ്ടങ്ങളെയോര്‍ത്ത് കവിതയിലെ അമ്മയെപ്പോലെ ചുടുകണ്ണീര്‍ എത്രയോ ഒഴുക്കിയിട്ടുണ്ട് നമ്മുടെ അമ്മമാര്‍. കാലം മാറി. ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സുഖജീവിതത്തിനായി സ്വന്തം കുഞ്ഞുങ്ങളെത്തന്നെ ഹോമിക്കുന്ന അമ്മമാരുടെ നാടായി മാറി ദൈവത്തിന്റെ സ്വന്തം നാട്. തൃപ്പൂണിത്തുറ, മലപ്പുറം, പിണറായി, വര്‍ക്കല സ്ഥലനാമങ്ങള്‍ അങ്ങനെയങ്ങനെ പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ കുഞ്ഞുങ്ങളെ കശാപ്പ് ചെയ്യുന്ന നാട്ടില്‍ അണുവിട മനസ്സാക്ഷി ബാക്കിയുണ്ടെങ്കില്‍ എങ്ങനെ നമ്മള്‍ മിണ്ടാതിരിക്കും. നമ്മളറിയണം പരിഹാരം തേടുന്നത് ആ ദുരവസ്ഥക്കാണ്.