മരണം വിതയ്ക്കുന്ന കീടനാശിനി
തിരുവല്ല പെരിങ്ങരയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ച വാര്‍ത്ത നല്‍കിയ ആശങ്ക ചെറുതല്ല. എന്നും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്ന പച്ചക്കറിയിലെയും മറ്റും കീടനാശിനി പ്രയോഗത്തെക്കുറിച്ച് മാത്രമറിഞ്ഞ നമ്മളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇങ്ങ് കേരളത്തിലെ മരണങ്ങള്‍. കീടനാശിനിക്കെതിരെ ജൈവ വിപ്ലവം നടത്തുന്നതിനിടെയുണ്ടായ മരണം കണ്ണ് തുറപ്പിക്കുന്നതാണ്. രണ്ട് പേരിലൊരാളുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കിയ ഫോറന്‍സിക് സര്‍ജന്‍ അത് ആത്മഹത്യയെന്ന് സൂചിപ്പിക്കുമ്പോള്‍, നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരിച്ച രണ്ടാമത്തെ ആളെക്കുറിച്ചാണ്. ആ മരണം കീടനാശിനി ശ്വസിച്ചാണെന്ന് വിദഗ്ധര്‍ പറയുമ്പോള്‍ നമ്മള്‍ ഭയന്നേ കഴിയൂ. കാരണം, ശ്വസിച്ചാല്‍ പോലും മരിക്കാന്‍ പാകത്തിനുള്ള വിഷം തളിച്ച് വിളവെടുക്കുന്ന വിഭവങ്ങള്‍ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ശുദ്ധീകരണം നാം ഓരോരുത്തരും നമ്മുടെ അടുക്കളയില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. നമ്മളറിയണം.