നാട്ടാനകളുടെ എണ്ണം കുറയുന്നു; നാട്ടാന സെന്‍സസ് എന്ത് സത്യം പുറത്തുകൊണ്ടുവരും?
വ്യത്യസ്തമായൊരു വിഷയമാണ്. കേരളത്തിലെ നാട്ടാനകള്‍. സമ്പന്നമായൊരു ഗജസമ്പത്തും സമാനതകളില്ലാത്ത ആനക്കമ്പവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നെറ്റിപ്പട്ടം കെട്ടി കോലമേന്തി തലയെടുപ്പോടെ നിരന്നു നില്‍ക്കുന്ന ആനകള്‍ ഉല്‍സവപ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കാഴ്ചയുമാണ്. കടല്‍ താണ്ടി ലോകത്ത് മറ്റെങ്ങും ഇല്ലാത്ത പൂരങ്ങള്‍ കാണാന്‍ നൂറുകണക്കിനു വിദേശികളും വര്‍ഷാവര്‍ഷം എത്തുന്നുമുണ്ട്. കേരളത്തിന്റെ പൈത്യകമായ ആ ഗജസമ്പത്ത് അനുദിനം നഷ്ടമാവുകയാണ്. ഓരോ വര്‍ഷവും കേരളത്തില്‍ ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയില്‍ ആനകള്‍ ചെരിയുന്നുണ്ട്. കേരളത്തില്‍ നാട്ടാനകളെത്രയെന്ന ചോദ്യത്തിന് ആശയക്കുഴപ്പമായിരുന്നു സുപ്രീംകോടതിക്ക് കിട്ടിയ ഉത്തരം. തുടര്‍ന്നാണ് ആനക്കണക്ക് തിട്ടപ്പെടുത്താന്‍ നാട്ടാന സെന്‍സസ് തുടങ്ങിത്. അത് പുരോഗമിക്കുകയുമാണ്. സെന്‍സെസ് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ നാട്ടാനകളുടെ എണ്ണം 500 കവിയില്ലെന്നുറപ്പ്. എന്താണ് ആനക്കണക്കില്‍ തെളിയുന്നത്. നമ്മളറിയണം.