മീ ടുവിന് പ്രതിരോധ മതില്‍
2017 ഒക്ടോബര്‍ 15-നാണ് മീ ടു ക്യാമ്പയിന് അമേരിക്കയില്‍ തുടക്കമായത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാന്‍ അവര്‍ സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ചപ്പോള്‍ ആ വിപ്ലവം ലോകമാകെ പടര്‍ന്നു. ഇങ്ങ് കേരളത്തിലുമെത്തി. മീ ടു ഒരു പുതിയ ധാരണ പടര്‍ത്തുകയായിരുന്നു. എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരല്ല തങ്ങള്‍ എന്നും അനിഷ്ടമുള്ള കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുമെന്നും ആര്‍ക്കും അടിമകളാകാന്‍ തങ്ങള്‍ തയ്യാറല്ല എന്നുമുള്ളതായിരുന്നു ഓരോ വെളിപ്പെടുത്തലുകളും. പക്ഷേ ആ തുറന്നു പറച്ചിലുകള്‍ ഒരു വര്‍ഷം പിന്നിട്ട വേളയില്‍ അതേ അമേരിക്കയില്‍ നിന്നു പുറത്തു വന്ന മീ ടു പ്രതിരോധ നടപടികള്‍ സ്ത്രീ സമൂഹത്തിന് ആശങ്കയുളവാക്കുന്നതാണ്. ലോകം കീഴടക്കാന്‍ പ്രാപ്തരാണ് തങ്ങളെന്ന് തെളിയിച്ച സ്ത്രീ സമൂഹത്തോട് നിങ്ങളിനി ജോലിക്ക് വരേണ്ട എന്ന് വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പറയാന്‍ കോര്‍പ്പറേറ്റ് സമൂഹം ശ്രമിക്കുമ്പോള്‍ പുരുഷന്റെ പ്രതിരോധവും സ്ത്രീയുടെ അതിജീവനവുമായി മാറുകയാണ് മീ ടു. മീ ടുവിന് പ്രതിരോധ മതില്‍, നമ്മളറിയണം.