ഓര്‍ത്തഡോക്സ് -യാക്കോബായ തര്‍ക്കം; മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പള്ളി സെമിത്തേരി
മരിച്ചുപോയാല്‍ മാന്യമായ രീതിയില്‍ ഒരു സംസ്കാരം അര്‍ഹിക്കുന്നുണ്ട് ഓരോ ജീവജാലവും. ഇവിടെയൊരു മനുഷ്യന് മരിച്ചിട്ട് പത്ത് ദിവസമായി. അയാളുടെ വിശ്വാസപ്രകാരം അന്ത്യവിശ്രമം കൊള്ളാന്‍ ഒരു പള്ളിയും സെമിത്തേരിയും ഉണ്ടായിരുന്നു. പക്ഷെ ഇനിയും അതിനാകാത്തത് അതേ വിശ്വാസവുമായി ചേരിതിരിഞ്ഞുനില്‍ക്കുന്ന വിശ്വാസികളുടെ കൂട്ടങ്ങളുടെ തമ്മലടികൊണ്ടാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ തര്ക്കപട്ടികയിലെ സമാനതകളില്ലാത്ത ഏടാകുന്നു കട്ടച്ചിറപ്പള്ളിയും ഇടകാംഗമായ ജോര്ജുകുട്ടിച്ചായനും. മരണശുശ്രൂഷയെച്ചൊല്ലിയാണ് ഇപ്പോഴത്തെ തര്ക്കമത്രെ. ഇരുവിഭാഗവും ഉയര്‍ത്തിക്കാട്ടുന്നത് സുപ്രീംകോടതി വിധിയും കേന്ദ്രമനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമൊക്കെയാണ്. ഇതൊക്കെ ഒരു നിമിഷത്തേക്ക് മറന്നാല്‍ ആ മനുഷ്യന് സ്വസ്ഥമായി അന്ത്യവിശ്രമം കൊള്ളും. ആ മനുഷ്യത്വം ആരുകാട്ടും എന്നതാണ് വിഷയം. നമ്മളറിയണം.