കേരളത്തില്‍ ആവര്‍ത്തിക്കുന്ന ദുരഭിമാനക്കൊലകള്‍?
ദാ ഇന്നും ഞാനും നിങ്ങളുമടങ്ങുന്ന പ്രബുദ്ധ മലയാളിയുടെ മുഖത്തേക്ക് പതഞ്ഞൊഴുകി ജാതിക്കൊലയുടെ കൊഴുത്ത ചോര. ദാ ഇന്നും കണ്ടു പിന്നാക്കകാരനായ മരുമകനെ വെട്ടിയരിഞ്ഞ ഇതരജാതിക്കാരന്റെ അഹന്ത. കേരളത്തിന്റെ തെരുവുകളില്‍ ജാതിവെറി കൊലക്കത്തിയുമായി ഭ്രാന്തയാത്രയിലാണ്. പാലക്കാട്ട് തേന്‍കുറിശ്ശിയില്‍ വീണ അനീഷിന്റെ ചോര കേരളത്തിന്റെ മനസ്സാക്ഷിയെ അത്രകണ്ട് നടുക്കില്ല. കാരണം നമ്മള് കെവിന്റെ ചോര കണ്ടവരാണ്, നമ്മള് അരീക്കോട്ടെ ആതിരയുടെ ചോര കണ്ടവരാണ്. രക്ഷപ്പെടാന്‍ കട്ടിലിനടിയില്‍ പതുങ്ങിയ ആതിരയെ വലിച്ച് പുറത്തിട്ട് ഇടനെഞ്ചില്‍ കത്തി കുത്തിയിറക്കി, ദളിതനെ കെട്ടുന്നതിലും ഭേദം നീ ചാവുന്നതാണെന്ന് ആര്‍ജവത്തോടെ പറഞ്ഞൊരാളെ കണ്ടവരാണ്. സാക്ഷികള്‍ കൂടോടെ കൂറുമാറിയപ്പോള്‍ അയാള്‍ സ്വതന്ത്രമായി നടക്കുന്നത് കാണുന്നവരുമാണ്. അതുകൊണ്ട് തേന്‍കുറിശ്ശിയിലെ ജാതിച്ചോര നമ്മളെ നടുക്കില്ല. പക്ഷെ ഓര്‍ക്കണം കെവിനും ആതിരയും അനീഷും മരിച്ചെങ്കിലും ആര്‍ത്തനാദങ്ങളോടെ നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. അവര്‍ ചെയ്ത് ഏക തെറ്റ് അവരുടെ ജാതിയാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അച്ഛന് ആറുമുഖം, കെ.ഡി പ്രസേനന്‍, സണ്ണി കപിക്കാട്, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.