Debate Super prime time

സ്വപ്‌ന പദ്ധതിയോ സ്വപ്‌നയുടെ പദ്ധതിയോ?

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞത് നമ്മുടെ മുഖ്യമന്ത്രിയാണ്.. അധികാരമേറ്റെടുത്ത ഉടന്‍ പറഞ്ഞ വാചകം. അധികാരത്തിന്റെ അവസാന വര്‍ഷമെത്തുമ്പോള്‍ പക്ഷെ ഉറങ്ങുന്നത് ഒന്നരലക്ഷത്തിലേറെ ഫയലുകളാണ്. പക്ഷേ അതിനിടയിലും അസാധാരണവേഗത്തില്‍, 24 മണിക്കൂറില്‍ ഒരു ഫയല്‍ എല്ലാ കടമ്പയും കടന്ന് കരാറായി. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് യു എ ഇയിലെ റെഡ്ക്രസന്റ് എന്ന് സംഘടനയുമായി ധാരണാപത്രം തയ്യാറായ വേഗം, ഞെട്ടിക്കുന്നതാണ്. 2019 ജൂലൈ 10ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫയല്‍ തുറക്കുന്നു. ഉടന്‍ തീര്‍പ്പാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി നിയമസെക്രട്ടറിക്ക് അയക്കുന്നു. വിദേശ സംഘടനയുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തത ആവശ്യപ്പെട്ട് ഫയല്‍ മടക്കുന്നു. വ്യക്തത തേടിയുള്ള കുറിപ്പ് തള്ളി ശിവശങ്കരന്‍ ഫയല്‍ ആവശ്യപ്പെടുന്നു. 2019 ജൂലൈ 11 ന് ധാരണാപത്രം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഒപ്പിടുന്നു. ഇവിടെയാണ് യൂണിടാക്കും റെഡ് ക്രസന്റുമൊക്കെ വന്ന വഴികള്‍ ചോദ്യം ചെയ്യപ്പെടുന്നത്. സ്വപ്‌ന പദ്ധതിയോ സ്വപ്‌നയുടെ പദ്ധതിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എന്‍ ഷംസീര്‍, ബി ഗോപാലകൃഷ്ണന്‍, അനില്‍ അക്കര എന്നിവര്‍.