Debate Super prime time

തലവെട്ടം കാട്ടാതെ എത്രകാലം?

തലയില്‍ മുണ്ടിടല്‍ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎയുടെ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി. മധ്യവയസ്‌കനെങ്കിലും ബാലിശമായ പെരുമാറ്റം മന്ത്രിയെ ഇനിയും വിട്ടുമാറിയിട്ടില്ല. ഇഡി അധ്യായത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് പിന്നീട് നടന്നത്. എന്‍ഐഎ വിളിപ്പിച്ചപ്പോള്‍ പാതിരായ്ക്ക് വരട്ടേ എന്നു ചോദിച്ചത്രേ. പറ്റില്ലെന്ന് മറുപടി. എന്നാല്‍ ഓണ്‍ലൈനില്‍ ആയാലോ എന്ന് അടുത്ത തന്ത്രം. അതും വിലപ്പോയില്ല. പിന്നെ പതിവ് അടവെടുത്തു. രാത്രിഞ്ചരനാവുക. അര്‍ധരാത്രി മന്ത്രിമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നു. കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസായിരുന്നു ഒളിത്താവളം. എന്‍ഐഎ ഓഫീസില്‍ എത്താന്‍ സ്വകാര്യ വാഹനം തരപ്പെടുത്താനുള്ള പദ്ധതി യാത്രാമധ്യേ ആവിഷ്‌കരിച്ചു. എ.എം.യൂസഫ് എന്ന മുന്‍ എംഎല്‍എയെ വാഹനത്തിനായി വിളിച്ചത് ഒന്നര മണിക്ക്. നാലര മണിക്ക് യൂസഫിന്റെ ഇത്തിയോസ് കാര്‍ റസ്റ്റ് ഹൗസിനു മുന്നിലെത്തി. കാക്കക്കാല്‍ കാണും മുമ്പ് എന്‍ഐഎ ഓഫീസിലേയ്ക് വെച്ചുപിടിച്ചു. എന്തിനാണ് ഒരു മന്ത്രി ഇങ്ങനെ സ്വയം പരിഹാസ്യനാകുന്നത്. തല ഒരു ഭാരമായി തോന്നുന്നത് മനുഷ്യനെത്തുന്ന അസാധാരണമായ സാഹചര്യമാണ്. തലവെട്ടം കാട്ടാതെ എത്രകാലം? എന്നാണ് സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.എന്‍.കൃഷ്ണദാസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി,പി.ആര്‍.ശിവശങ്കരന്‍, ഹരീഷ് വാസുദേവന്‍ എന്നിവര്‍.