Debate Super prime time

കോടിയേരി രക്ഷാകവചം തീര്‍ക്കുന്നോ?

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കോടിയേരി കളത്തിലിറങ്ങി. രണ്ടു കാര്യങ്ങള്‍ അടിവരയിട്ടു പറയാനാണ് കോടിയേരി ഇറങ്ങിയത്. ആദ്യം ശിവശങ്കറിന്റെ കാര്യം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും വിളിക്കട്ടെ. പ്രതിയുമാക്കട്ടെ. അതെല്ലാം ശിവശങ്കരന്റെ വ്യക്തിപരമായ കാര്യം മാത്രം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒന്നും സംഭവിക്കില്ല. കോടിയേരി പറയുന്നതു കേട്ടാല്‍ അടുക്കളയും ആരാമവുമായി കഴിഞ്ഞവരാണ് സ്വപ്നയും ശിവശങ്കറും എന്നു തോന്നും. അങ്ങനെയല്ലല്ലോ. സെക്രട്ടറിയേറ്റും സ്‌പേസ് പാര്‍ക്കുമായി കഴിഞ്ഞവരല്ലേ. അതുകൊണ്ട് അധികാരത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യക്തിപരമാക്കാനുള്ള തീരുമാനം കോടിയേരി കയ്യില്‍ വച്ചാല്‍ മതിയെന്ന് കേള്‍ക്കുന്നവര്‍ പറയും. സോളാര്‍ കമ്മീഷനു മുന്നില്‍ ഉമ്മന്‍ചാണ്ടി മണിക്കൂറുകള്‍ ഇരുന്നില്ലേ. എന്നിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നില്ലേ എന്ന് കോടിയേരി ചോദിക്കുന്നു. കോടിയേരി ഇങ്ങനെ ദീര്‍ഘദര്‍ശനം ചെയ്യുന്നത് എന്താണ്. മുഖ്യമന്ത്രിയും എന്‍ഐഎയും മുഖാമുഖം ഇരിക്കേണ്ടി വരുമെന്നോ. ഇരുന്നാലും ഒന്നുമില്ലെന്നോ. അനിഷ്ടകരമായതിനെല്ലാം അന്യനെ പഴിച്ച് അകലാന്‍ നോക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുള്ള അകലവും കൂടുകയല്ലേ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എം.ബി.രാജേഷ്, പി.കെ.ഫിറോസ്, ബി.ഗോപാലകൃഷ്ണന്‍, അഡ്വ.എ.ജയശങ്കര്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.