Debate Super prime time

സന്നിധാനത്ത് സ്ത്രീകളെ എത്തിച്ച് കേരളത്തെ കുരുതിക്കളമാക്കിയതാര്?

ശബരിമലയില്‍ 2 യുവതികളെ പ്രവേശിപ്പിച്ചുകൊണ്ട് സുപ്രീംകോടതിവിധി നടപ്പാക്കിയിരിക്കുന്നു സര്‍ക്കാര്‍. കനകദുര്‍ഗയും ബിന്ദുവും പമ്പയില്‍ എത്തിയത് പുലര്‍ച്ചെ ഒരുമണിക്ക്, മൂന്നേമുക്കാലോടെ അയ്യപ്പദര്‍ശനം നടത്തി 5 മിനുട്ട് കൊണ്ട് ഇരുവരും മലയിറങ്ങി. ശബരിമലയില്‍ ഒരു ഭക്തരും പ്രതിഷേധിക്കാനോ തടയാനോ എത്തിയില്ലെന്ന് ഇരുവരും പ്രതികരിച്ചു. ഇത് മുഖ്യമന്ത്രി രാവിലെ 10 മണിയോടെ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പന്തളം രാജകുടുംബത്തിന്റെ പ്രതികരണം, ആചാരലംഘനത്തിനെതിരെ ശുദ്ധികലശം എല്ലാം പിന്നാലെ നടന്നു. ശബരിമലയില്‍ കണ്ട പ്രക്ഷോഭവും പ്രതിഷേധവും ഇപ്പോള്‍ കേരളത്തിലെ തെരുവുകളിലേക്ക് മാറിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം സംഘര്‍ഷം. ഈ കോലാഹലങ്ങള്‍ക്കിടെ നാളെ ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലാണ്. കോണ്‍ഗ്രസിന്റെ കരിദിനവും. യുവതീപ്രവേശനത്തിന്റേയും തെരുവ് യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. സന്നിധാനത്ത് സ്ത്രീകളെ എത്തിച്ച് കേരളത്തെ കുരുതിക്കളമാക്കിയതാര്? കെ ചന്ദ്രന്‍പിള്ള, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി ഗോപാലകൃഷ്ണന്‍, അഡ്വ. ആശ എന്നിവര്‍ ചര്‍ച്ചയില്‍.