Debate Super prime time

പ്രവാസി മടക്കത്തിനുള്ള പ്രയാസം മാറിയോ?

പ്രവാസികള്‍ക്ക് കേരളത്തിലെത്താനുള്ള കടമ്പകള്‍ എന്തൊക്കെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് കൂടുതല്‍ കരുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ളവര്‍ എത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം.കേരളത്തിലെ വിമാനത്താവളത്തില്‍ അവര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം. യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ഒരു ഇളവുമില്ല. എന്നുവച്ചാല്‍ കോവിഡ് ടെസ്റ്റ് അവര്‍ക്ക് നിര്‍ബന്ധമാണ്. ഒമാനിലും ബഹ്‌റിനിലും നിന്നുവരുന്നവര്‍ക്ക് ച95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. സൗദിയില്‍ നിന്നും കുവൈറ്റില്‍ നിന്നും വരുന്നവര്‍ക്ക് ഈ നാല് കാര്യങ്ങള്‍ മാത്രം പോര. അവര്‍ പിപിഇ കിറ്റുകൂടി ധരിക്കണം. പുറം രാജ്യങ്ങളില്‍ നിന്നു വരുന്നവരെല്ലാം നാട്ടിലെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയരാകണം. പതിനാല് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണം. പ്രവാസികളുടെ വരവിനെ ചൊല്ലി പലതരം വിവാദങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നു വന്നത്. പ്രതിപക്ഷം സമരമുഖം വരെ തുറന്നു. മുഖ്യമന്ത്രി അതിന് അപ്പപ്പോള്‍ മറുപടിയും നല്‍കിവന്നു. എന്നാല്‍ മുഖ്യമന്ത്രി ഇന്ന് പൊട്ടിത്തെറിച്ചു. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. കുത്തിത്തിരിപ്പിനൊക്കെ ഒരതിരു വേണമെന്നാണ് ആ വാര്‍ത്തയെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിന്റെ അനാസ്ഥ കാരണം പ്രവാസി മലയാളികള്‍ മരിച്ചു വീഴുന്നു എന്നായിരുന്നു വാര്‍ത്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മടക്കത്തിനുള്ള പ്രയാസം മാറിയോ? എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ.റഹീം,ജോര്‍ജ് കുര്യന്‍,എന്‍.ഷംസുദീന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍,നസീര്‍ വാടാനപ്പള്ളി,സലീം ചോലമുഖത്ത് എന്നിവര്‍.