Debate Super prime time

കര്‍ഷകന് മരണവാറണ്ടോ?

കര്‍ഷകര്‍ക്ക് കൊലക്കയറാകുമെന്ന ആരോപണത്തിനിടെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. ബില്ലുകള്‍ കീറിയെറിഞ്ഞുള്ള പ്രതിപക്ഷ പ്രതിഷേധം വകവെയ്ക്കാതെയാണ് രാജ്യസഭയും കടന്ന് ബില്‍ നിയമമാകാന്‍ പോകുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് ഇന്ന് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി. കരിദിനമെന്ന് പ്രതിപക്ഷം. കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുമെന്ന ആരോപണമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും നേരിടുന്നത്. താങ്ങുവില പോലും ഇല്ലാതാകുമെന്നും ആശങ്ക. എന്നാല്‍ എതിര്‍ക്കാന്‍ വേണ്ടിയുള്ള എതിര്‍പ്പ് മാത്രമെന്നും കര്‍ഷകര്‍ക്ക് സംരക്ഷണ കവചമാണ് ബില്ലുകളെന്നും കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് നിയന്ത്രണങ്ങളില്ലാതെ കമ്പോളങ്ങള്‍ തുറന്ന് കൊടുക്കുമെന്നും എവിടെയാണോ വില കൂടുതല്‍ അവിടെ വില്‍ക്കാമെന്നുമുള്ള വാഗ്ദാനത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്നത് കുത്തകകളെ ഒളിച്ചുകടത്താനുള്ള നീക്കമെന്നാണ് ആരോപണം. കരാര്‍ കൃഷിയിലൂടെ വിത്തും വളവും വിലയും കുത്തകകള്‍ തീരുമാനിക്കും. കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്തുകൊണ്ട് സ്വന്തം മുന്നണിയില്‍ പോലും അവിശ്വാസം ഉണ്ടാക്കുന്നു. വടക്കേ ഇന്ത്യയിലെ കര്‍ഷക സമരം കേന്ദ്രത്തിന് കണ്ടില്ലെന്ന് നടിക്കാനാവുമോ. ആസിയാനും ഗാട്ടും കണ്ട രാജ്യത്തെ കര്‍ഷകര്‍ക്ക് മുന്നില്‍ ഇടനിലക്കാരെ ഒഴിവാക്കുന്ന സമ്മാനമെന്ന വാഗ്ദാനം വിലപ്പോകുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കര്‍ഷകന് മരണവാറണ്ടോ? പങ്കെടുക്കുന്നവര്‍- വി എസ് സുനില്‍കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, എളമരം കരീം എന്നിവര്‍.