Debate Super prime time

ആപ്റ്റായോ അന്വേഷണം?

ഖുറാന്‍ വിതരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇന്ന് രണ്ടുതവണ സി ആപ്റ്റില്‍ പരിശോധന നടത്തി. സി ആപ്റ്റ് മുന്‍ എം ഡി അബ്ദുറഹ്മാന്റെയും ജീവനക്കാരുടെയും മൊഴിയെടുത്തു. സി ആപ്റ്റ് വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മതഗ്രന്ഥങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇഡി രണ്ടുതവണയും എന്‍ഐഎ ഒരു തവണയും ഇതിനകം മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. മതഗ്രന്ഥവിതരണത്തില്‍ തെറ്റില്ല എന്നാണ് മന്ത്രി ജലീല്‍ ഉറച്ചുവിശ്വസിക്കുന്നത്. തനിക്കെതിരെ ഒരു അന്വേഷണ ഏജന്‍സിയും റിപ്പോര്‍ട്ട് തയ്യാറാക്കില്ലെന്നും മന്ത്രിക്ക് ഉറപ്പാണ്. റിപ്പോര്‍ട്ടില്‍ പേരുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പക്ഷേ മറുപടിയില്ല. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവയ്ക്കുമെന്നും പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിയെന്നും മാറി മാറി പറയുന്നുമുണ്ട്. പക്ഷേ രാജിയുടെ സാഹചര്യമില്ലെന്ന കാര്യത്തില്‍ മന്ത്രിക്ക് ഉറപ്പുണ്ട്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് താന്‍ മാധ്യമങ്ങളോട് എന്‍ഐഎ വിളിപ്പിച്ച കാര്യം മറച്ചുവെച്ചത് എന്നും മന്ത്രി ഇപ്പോള്‍ പറയുന്നു. എന്‍ഐഎ അന്വേഷണം മതഗ്രന്ഥവിതരണത്തെ ചുറ്റി മുന്നോട്ടുപോകുമ്പോള്‍ വിടാതെ പിന്തുടരുന്നോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പിസി വിഷ്ണുനാഥ്, പികെ ബിജു, പ്രകാശ്ബാബു, എന്‍ പി ചെക്കുട്ടി എന്നിവര്‍.