Debate Super prime time

ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ടോ സ്പ്രിംക്ലര്‍?

അസാധാരണകാലത്തെ അസാധാരണ നടപടി എന്ന മുഖവുരയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് സ്പ്രിംക്‌ളര്‍ ഇടപാട്. ഞാന്‍ എന്റെ ഉത്തമബോധ്യത്തില്‍ ചെയ്തത് എന്ന നെഞ്ചില്‍ കൈവെച്ച് സാക്ഷാല്‍ ശിവശങ്കര്‍ പറഞ്ഞ അതേ ഇടപാട്. അന്നേ ഉയര്‍ന്നതാണ് മല പോലെ സംശയങ്ങള്‍. കസ്റ്റംസ് കേസില്‍ ഇഡി കേസില്‍ എന്‍ഐഎ കേസിലൊക്കെ മുന്‍കൂര്‍ ജാമ്യം തായോ നീതിപീഠമേ എന്ന അപേക്ഷയില്‍ കോടതിവരാന്ത കയറിയിറങ്ങുന്നതും ശിവശങ്കറിന് മാത്രം ബോധ്യമാകുന്ന ആ ബോധ്യങ്ങളുടെ പാര്‍ശ്വഫലങ്ങളാണ്.വടക്കാഞ്ചേരി ലൈഫിലെ യൂണിടാക്കിലേക്കുള്ള വഴികള്‍ പലതും ഇരുണ്ട ഇടനാഴികളാണെന്നും അതൊരു അധോലോക ഇടപാടാണമെന്നുമൊക്കെ അന്വേഷണ ഏജന്‍സികള്‍ ആവര്‍ത്തിക്കുമ്പോഴാണ് അതേ ശിവശങ്കറിന്റെ തലച്ചോറില്‍ രൂപം കൊണ്ട സ്പ്രിംക്‌ളറും എന്ത് തരം ഇടപാടായിരുന്നു എന്ന സംശയം പിന്നെയും ബലപ്പെടുന്നത്. പക്ഷെ ഇന്ന് എന്‍ഐഎ കോടതിയില്‍ പറയുന്നത് ശിവശങ്കര്‍ പ്രതിപ്പട്ടികയില്‍ ഇല്ല എന്നതാണ്.അതേ ദിവസം മറ്റൊരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവ് ശ്രീ കുമ്മനം രാജശേഖരന്‍ ഒരു പ്രതിപ്പട്ടികയില്‍ വരുന്നുമുണ്ട്. അതേ ദിവസം യുഡിഎഫിന്റെ പ്രധാനപ്പെട്ടൊരു എംഎല്‍എയുടെ കെഎം ഷാജിയുടെ വീട്ടില്‍ കോഴക്കേസില്‍ ഇഡി പരിശോധന നടത്തിയ ദിവസവുമാണ്. അങ്ങനെയെങ്കില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷം കൂടിയാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ടോ സ്പ്രിംക്ലര്‍? പങ്കെടുക്കുന്നവര്‍- വി ശിവദാസന്‍, ജ്യോതികുമാര്‍ ചാമക്കാല, എസ് സുരേഷ്, ജോസഫ് സി മാത്യു എന്നിവര്‍.