Debate Super prime time

തെരുവിലാക്കിയോ സർക്കാരേ?

കേരളത്തിലെ യുവത്വം തെരുവിലാണ്. മെറിറ്റും സാമൂഹ്യനീതിയും എന്ന മാനദണ്ഡം കാറ്റിൽ പറത്തി പാർട്ടി ബന്ധുത്വം അധികയോഗ്യതയാക്കി കയറിയവരുടെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുമ്പോൾ ഇനി കാത്തുനിൽക്കാൻ സമയമില്ലാത്തവർ തെരുവിലിറങ്ങി. അനിശ്ചിതകാല സമരമെന്ന ദൃഢനിശ്ചയവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയ പലരും കടുത്ത നിരാശയിൽ നിലവിട്ടുപോവുകയാണ്. ഇന്നലെ മണ്ണെണ്ണ ഒഴിച്ചുള്ള ആത്മഹത്യാശ്രമമായിരുന്നു. ഇന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാനുള്ള ശ്രമമായിരുന്നു. മുൻപ് സമരക്കാർക്കൊപ്പം തെരുവിലിറങ്ങിയ മന്ത്രി ഐസക് എല്ലാം മറന്നോ എന്ന് ഇവരിൽ ചിലർ ചോദിക്കുന്നു. ബന്ധുനിയമനവിവാദത്തിൽ ഇടക്കാലത്ത് കസേര ഒഴിയേണ്ടിവന്ന ഇ പി ജയരാജന് സമരം എന്തിനാണെന്ന് പോലും മനസിലാകുന്നില്ല. ഏറ്റവുമൊടുവിൽ മുൻ സർക്കാരിന്റെ കാലത്തെ നിയമനക്കണക്ക് എടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സർക്കാർ. സൂപ്പർ പ്രൈം ടൈമിൽ ഇന്ന് രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം സമര പ്രതിനിധികളും ചേരുകയാണ്. തെരുവിലാക്കിയോ സർക്കാരേ? പങ്കെടുക്കുന്നവർ: എ സമ്പത്, ശശികുമാർ, റിജു, ജിഷ്ണു, ജോഹർ, നുസൂർ എന്നിവർ.