Debate Super prime time

മോദിയുടെ കൊല്ലം വരവ് കേരളം പിടിക്കാനോ?

മോദി കേരളത്തില്‍ യുദ്ധം കുറിച്ചു. കൊല്ലത്തെ പീരങ്കി മൈതാനി പ്രസംഗത്തില്‍ കണ്ടത് കേരള ബി.ജെ.പിയില്‍ മോദിക്കുള്ള വിജയപ്രതീക്ഷ തന്നെ. ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാരിനു രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ നടപടി ലജ്ജാകരം എന്നാകും ചരിത്രം രേഖപ്പെടുത്തുക എന്ന് മോദി. മറുവശത്ത് കോണ്‍ഗ്രസിനും കിട്ടി പതിവ് പരിഹാസം. അവര്‍ പാര്‍ലമെന്റില്‍ ഒന്നു പറയും. പത്തനംതിട്ടയില്‍ മറ്റൊന്നു പറയും എന്നായിരുന്നു മോദിയുടെ കളിയാക്കല്‍. കേരളത്തില്‍ ബി.ജെ.പിയുടെ കാര്യകര്‍ത്താക്കള്‍ നേരിടുന്ന വേട്ടയാടലിനും മോദി മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും എന്നും പറഞ്ഞു മോദി. ചുരുക്കത്തില്‍ കൊല്ലത്തു കണ്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കപ്പെടുന്നതാണ്. നീക്കുപോക്കുകളുടെ സാധ്യത മാത്രമായി തെരഞ്ഞെടുപ്പിനെ തരംതാഴ്ത്തുന്ന ആ ഉത്തരേന്ത്യന്‍ പരീക്ഷണം കേരളത്തിലും പയറ്റാന്‍ ഒരുമ്പെടുകയാണ് മോദി. ചേരിതിരിവുണ്ടാക്കി അതിലൂടെ എളുപ്പം നൂണു കടന്നു പോകുന്ന പ്രാവീണ്യത്തിന്റെ പേരാണ് മോദി-അമിത് ഷാ അച്ചുതണ്ട്. കേരള രാഷ്ട്രീയത്തിന്റെ കാന്തിക മണ്ഡലം കൂടി സ്വന്തമാക്കാന്‍ ആ അച്ചുതണ്ടിന് കഴിയുമോ. കൊല്ലം സന്ദര്‍ശനം വിജയ സാധ്യതയിലേയ്ക്കുള്ള ബി.ജെ.പിയുടെ ബൈപ്പാസ് തുറക്കലാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. എ.സമ്പത്ത് എംപി, ഡോ.ബി.അശോക്, ബെന്‍സ്റ്റണ്‍ ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.