Debate Super prime time

ചൈത്രയ്‌ക്കെതിരെ നടപടിവേണമെന്ന് സി.പി.എം; പാര്‍ട്ടി നിയമത്തിനു മുകളിലോ?

സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോടുള്ള പാര്‍ട്ടിയുടെ അരിശം തീരുന്നില്ല. എ.ഡി.ജി.പിയും ഡി.ജി.പിയും ചൈത്രയ്ക്ക് നല്‍കിയ ക്ലീന്‍ ചിറ്റില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആവശ്യപ്പെടുന്നത്. സ്വന്തം ജോലി നിര്‍വഹിച്ച യുവ ഐ.പി.എസ് ഉദ്യോഗസ്ഥ നിയമത്തിന്റെ മുകളില്‍ പറക്കുകയാണെന്നാണ് കോടിയേരിയുടെ ഭാഷ്യം. പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ 25 പ്രതികളില്‍ ആകെ കീഴടങ്ങിയ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി ഇന്ന് പറഞ്ഞത് കൂടി കോടിയേരി കേള്‍ക്കണം. പോലീസ് സ്‌റ്റേഷന്‍ ആക്രമണം എന്നത് ഗുരുതരമായ കുറ്റമാണ്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് തിരുവന്തപുരം എ.സി.ജെ.എം കോടതി ഇന്ന് പറഞ്ഞത്. നിയമത്തിന്റെ മുകളില്‍ പറന്ന്, മന്ത്രി എ.കെ ബാലനും കെ.ടി ജലീലും പങ്കെടുത്ത പരിപാടിയില്‍ ആദ്യന്തം കാഴ്ചക്കാരനായി കൂസലില്ലാതെ ഇരുന്ന മറ്റൊരു പാര്‍ട്ടി പ്രതി ഇന്ന് കീഴടങ്ങിയിട്ടുണ്ട്. ട്രാഫിക് പോലീസിനെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതി പിടികിട്ടാപ്പുള്ളി നസീമിന്റെ സ്വഛന്ദവിഹാരത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ മാതൃഭൂമിന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് എസ്.എഫ്.ഐ നേതാവിന്റെ കീഴടങ്ങല്‍.പാര്‍ട്ടിക്ക് നിയമത്തിനു മുകളില്‍ പറക്കാമോ എന്നാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. കെ.എസ് സുനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, അഡ്വ. അജകുമാര്‍.