Debate Super prime time

രാഹുലിനെ തോല്പിക്കാന്‍ താമരയ്‌ക്കൊപ്പമോ?

രാഹുലിനെതിരെ സി.പി.എം പറയുന്നതും ബി.ജെ.പി പറയുന്നതും ഒരേ കാര്യങ്ങള്‍. രാഹുലിനെതിരെ കോടിയേരിയും മോദിയും പറയുന്നത് ഒരേ കാര്യങ്ങള്‍. രാഹുലിനെതിരെ പറക്കുന്ന ഈ ഒരേ തൂവല്‍ പക്ഷികളെ കണ്ട് കേരളം അത്ഭുതം കൂറുകയാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്ന് ഒരു പാര്‍ട്ടിയിലെ നേതാവ് ഒളിച്ചോടുന്നെന്ന് മോദി ഇന്ന് പറഞ്ഞത് മഹാരാഷ്ട്രയിലെ വര്‍ധ എന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ്. വയനാട്ടില്‍ നിന്ന് വര്‍ധയിലേയ്ക്ക് വലിയ ദൂരമുണ്ട്. എന്നാല്‍ ആ വാക്കുകളിലേയ്‌ക്കോ. ലീഗിന്റെ കോട്ടയില്‍ വന്ന് കോട്ടം തട്ടാതെ കയറിപ്പോകാന്‍ രാഹുല്‍ എത്തിയെന്നാണ് സി.പി.എം വയനാടിനെപ്പറ്റി പറയുന്നത്. വര്‍ധയില്‍ നിന്ന് മോദി പറയുന്നത് അതേ വാക്കുകളുടെ മറുപുറമല്ലേ. പപ്പു എന്ന പ്രയോഗം രാഹുലിനെ കളിയാക്കാന്‍ ബി.ജെ.പി കണ്ടെത്തിയതായിരുന്നു. ഇന്ന് അതേ പ്രയോഗമാണ് പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തില്‍ ഇടംനേടിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ ദേശാഭിമാനിയും ജന്മഭൂമിയും ഒരേ പ്രസ്സിലാണോ അച്ചടിക്കുന്നതെന്ന് ആരും സംശയിച്ചു പോകും. രാഹുലിന്റെ ശത്രു ആരാണെന്ന് സി.പി.എം നേതാക്കളെക്കാള്‍ ഉച്ചത്തില്‍ ഇന്നു ചോദിച്ചത് ശ്രീധരന്‍പിള്ളയാണ്. രാഹുല്‍ വിമര്‍ശനത്തില്‍ സി.പി.എം ബി.ജെ.പിയുടെ ബി ടീമായി മാറിയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്നു ചര്‍ച്ച ചെയ്യുന്നത്. ആനത്തലവട്ടം ആനന്ദന്‍, ജോസഫ് വാഴയ്ക്കന്‍, എം.ടി.രമേശ് എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കെടുക്കുന്നു.