Debate Super prime time

വൈറസ് രാഷ്ട്രീയം പറയുന്നതെന്തിന്?

ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ അഭിപ്രായ പ്രകടനം അപകടകരമായ ഒരു രാഷ്ട്രീയ സൂചനയാണ് നല്‍കുന്നത്. ഇന്ത്യന്‍ വിഭജനത്തിന്റെ കാരണക്കാരെന്ന് കുറ്റപ്പെടുത്തിയാണ് യോഗി ലീഗിനെ വൈറസെന്ന് വിശേഷിപ്പിക്കുന്നത്. രാജ്യത്തെ മതപരമായി വിഘടിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതീകമാണ് യോഗി. ആ യോഗിയാണ് അഖണ്ഡതയുടെ വേദമോതുന്നത്. വയനാട്ടിലേയ്ക്കുള്ള രാഹുലിന്റെ വരവോടെയാണ് ലീഗിനെ മുന്‍നിര്‍ത്തിയുള്ള ആക്രണത്തിന് ബി.ജെ.പി തുടക്കമിടുന്നത്. മോദി തുടങ്ങിവച്ചത് അമിത് ഷാ ഏറ്റെടുത്തു. യോഗിയിലൂടെ അത് പൂര്‍ണതയില്‍ എത്തി. ഉത്തരേന്ത്യയിലെ വോട്ട് ധ്രുവീകരണമാണ് മോദിയും യോഗിയും ലക്ഷ്യമിടുന്നത് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഇവിടം സുരക്ഷിതം എന്ന നിലയിലാണോ കേരളം ഈ നീക്കത്തെ നോക്കിക്കാണേണ്ടത്. ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാകില്ല മതവിഭജനത്തിന്റെ ഈ വൈറസ്. ആ മുന്‍കരുതല്‍ കേരളം എടുക്കണ്ടേ. ലീഗും കോണ്‍ഗ്രസും മാത്രം മറുപടി പറയാന്‍ ബാധ്യതപ്പെട്ട ഒരു വിഷയമാണോ അത്. മതേതരത്വത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്തുന്ന നീക്കമല്ലേ അത്. വിഭജനത്തിന്റെ വൈറസ് വയനാട്ടിലൂടെ വരാന്‍ ഒരുങ്ങുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.ടി.രമേശ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കെടുക്കുന്നു.