Debate Super prime time

തൊടുപുഴ ദുരന്തം തുടര്‍ക്കഥയാകുമോ?

ആ കുഞ്ഞ് പോയി. വേദനയുടെ കളിപ്പാട്ടം നമ്മള്‍ ഓരോരുത്തരുടെയും മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട്. അവന്‍ ഒരാളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നുണ്ടാകും. ഒരാളെ മാത്രം. ആ നാലുവയസുകാരന്‍ അനുജനെ ഓര്‍ത്ത്. ഇന്ന് 11.30ന് നിലച്ച ആ ഹൃദയത്തില്‍ അവനു മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ. തൊടുപുഴയിലെ കുട്ടി കേരളം തേടുന്ന പുതിയ ജീവിതത്തിന്റെ സമ്മാനമാണ്. താളപ്പിഴകളുള്ള ജീവിതത്തില്‍ സന്തുഷ്ടരാകാന്‍ പുതുവഴികള്‍ തേടുന്നവരുടെ മുന്നില്‍ കുട്ടികളാണ് തടസം. ആനന്ദകരമായ ജീവിതത്തിലെ വഴിമുടക്കികള്‍. അവരെ എന്തായാലും കൊല്ലാന്‍ കഴിയില്ല. കൊല്ലാതെ കൊല്ലാമല്ലോ. അതാണ് തൊടുപുഴയില്‍ കണ്ടത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട ഒരു സംഭവമാണോ. ഒരാളുടെ മാത്രം ക്രൂരതയാണോ. കിട്ടിയ ജീവിതത്തിനപ്പുറം എത്തിപ്പിടിക്കാന്‍ നോക്കുന്ന ജീവിതത്തെ കുറിച്ചുള്ള ഭ്രമം. അതിലേയ്ക്ക് ഏതു വഴിയുമാകാം എന്ന വിശ്വാസം. അത്തരം ജീവിത കാമനകള്‍ക്കു പിറകേ പായുന്നവരെല്ലാം ആദ്യം വലിച്ചെറിയുന്നത് കുരുന്നുകളെയാണ്. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍. തൊടുപുഴയിലെ കുട്ടിയുടെ ദുരന്തം കേരളീയ ജീവിതത്തിന്റെ പുതിയ മുഖമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍ കെ.കെ.ശൈലജ, പി.സുരേഷ്, അഡ്വ ശാന്തി മായ ദേവി, ജോര്‍ജ് ജോസഫ് എന്നിവര്‍.