Debate Super prime time

കോവിഡ് പീഡനത്തിന് പരിഹാരമെന്ത്?

ആറന്മുളയില്‍ ആംബുലന്‍സ് പീഡനം. ഭരതന്നൂരില്‍ കെട്ടിയിട്ട് പീഡനം. കേരളം ഒന്നിനു പിറകേ ഒന്നായി കേള്‍ക്കുകയാണ് ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍. രണ്ട് സംഭവങ്ങളും ആരോഗ്യസംവിധാനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരേയും കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആറന്മുള സംഭവത്തിന് ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമില്ലെന്ന ഒഴികഴിവുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട സംഭവത്തിനോ. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന യുവതിയെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചത്. എട്ട് മണികഴിഞ്ഞാല്‍ സ്ത്രീകളെ ആംബുലന്‍സില്‍ അയയ്‌ക്കേണ്ടെന്നാണ് നിര്‍ദേശം. കേരളത്തിലെ സ്ത്രീ സമൂഹത്തിന് എന്തു സന്ദേശമാണ് അത്തരമൊരു നിര്‍ദേശം നല്‍കുന്നത്. എട്ട് മണിവരെ മാത്രം സുരക്ഷിതത്വമുള്ള ഒരു ജീവിതമാണോ ഈ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നത്. ഒരു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ആരോഗ്യപ്രവര്‍ത്തകന്‍ വിളിക്കുന്നിടത്തു പോയി വാലാട്ടി നില്‍ക്കണോ. കോവിഡിനേക്കാള്‍, കോവിഡ് പ്രതിരോധ സംവിധാനങ്ങളെത്തന്നെ പേടിക്കേണ്ടി വരുന്ന സാഹചര്യം കേരളത്തിലെ സ്ത്രീകള്‍ നേരിടുന്നുണ്ടോ. വനിതാശിശുവികസന വകുപ്പ് കഴിഞ്ഞ നിര്‍ഭയ ദിനത്തില്‍ നടത്തിയ നൈറ്റ് വാക്ക് ഓര്‍മയുണ്ടല്ലോ. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ആ രാത്രിനടത്തത്തിന്റെ മുന്‍നിരയില്‍ ആരോഗ്യമന്ത്രിയും ഉണ്ടായിരുന്നു. എട്ടു മണിക്കു ശേഷം എന്തെന്ന ചോദ്യത്തിന് ആ മന്ത്രിക്ക് ഇനി എന്താണ് ഉത്തരം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- കെ.വരദരാജന്‍, വി.വി.രാജേഷ്, ബിന്ദു കൃഷ്ണ, ജോസഫ്.സി.മാത്യു എന്നിവര്‍.