Debate Super prime time

ശബരിമലയില്‍ പോലീസ് വലയത്തിലോ അയ്യപ്പദര്‍ശനം?

ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസത്തേക്ക് നാളെ നട തുറക്കുമ്പോള്‍ ശബരമലയിലെ സാഹചര്യം അതി സങ്കീര്‍ണമാവുകയാണ്. തുലാമാസ പൂജയ്ക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അനുവദിക്കില്ലെന്ന നിലപാടില്‍ സന്നിധാനം പോലീസ് വലയത്തിലാക്കിക്കഴിഞ്ഞു. നിലയ്ക്കലിനങ്ങോട്ട് അതീവ സുരക്ഷാ മേഖലയായി കണക്കാക്കി കര്‍ശന പരിശോധന ഇല്ലാതെ ആരെയും കടത്തി വിടില്ല. അയ്യപ്പ ഭക്തര്‍ക്ക് നാളെ ഉച്ച മുതല്‍ മല ചവിട്ടിത്തുടങ്ങാം. യുവതീ പ്രവേശനം തടയാന്‍ അയ്യപ്പവേഷത്തില്‍ ആളുകള്‍ എത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഈ തയ്യാറെടുപ്പ്. മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് പറയുമ്പോഴും പമ്പയിലേക്ക് പോകാന്‍ അല്‍പം മുന്‍പാണ് അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ കണക്കാക്കിയാണ് നിയന്ത്രണമെന്നാണ് പോലീസ് മേധാവിയുടേയും ദേവസ്വം മന്ത്രിയുടേയും വാദം. തീര്‍ത്ഥാടകര്‍ അധികം എത്താത്ത ചിത്തിര ആട്ടതിരുന്നാളിന് യുവതി പ്രവേശനം എന്ന അജണ്ട സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് ആചാരം സംരക്ഷിക്കാന്‍ സമരം ചെയ്യുന്നവരുടെ സംശയം. തടയാന്‍ അമ്മമാരെ അണിനിരത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു ഹൈന്ദവ സംഘടനകള്‍. 50 വയസിന് മുകളിലുള്ള വനിതാപോലീസിനെ സന്നിധാനത്തേക്ക് അയച്ച് ഏത് സാഹചര്യവും നേരിടാന്‍ പോലീസ് പദ്ധതി ഇടുകയാണ്. കോടതിവിധി നടപ്പാക്കാനും ആചാരം സംരക്ഷിക്കാനുമുള്ള മറ്റൊരു ബലാബലത്തിന് കൂടി ശബരിമല സാക്ഷ്യം വഹിക്കാന്‍ പോകുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, ശബരിമലയില്‍ പോലീസ് വലയത്തിലോ അയ്യപ്പദര്‍ശനം? എന്‍.സി മോഹനന്‍, ജ്യോതികുമാര്‍ ചാമക്കാല, ജെ.ആര്‍ പത്മകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.