Debate Super prime time

ആട്ടവിശേഷനാളില്‍ പൂങ്കാവനത്ത് സംഘപരിവാറിന്റെ അഴിഞ്ഞാട്ടം

ശബരിമലയുടെ ശാന്തി നശിപ്പിച്ചിരിക്കുന്നു വിശ്വാസികളെന്ന് സ്വയം വിളിക്കുന്ന പരിവാര്‍സംഘങ്ങള്‍. ചിത്തിര ആട്ടവിശേഷ ദിവസം ശബരിമല കണ്ടത് പരിവാറിന്റെ അഴിഞ്ഞാട്ടമാണ്. യുവതി വന്നെന്ന് വ്യാജപ്രചരണം. അമ്പതു കടന്നോ എന്ന ആധാര്‍ പരിശോധന. ഇരുമുടിക്കെട്ടില്ലെന്നു പറഞ്ഞ് ആട്ടും ചവിട്ടും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ഒരു നാവുകൊണ്ട് അസഭ്യവര്‍ഷം. അതേ നാവുകൊണ്ട് ശരണം വിളി. വത്സന്‍ തില്ലങ്കേരിയാണ് വിലസി നടന്നത്. ആരെ തടയണം, ആരെ കടത്തിവിടണം, ആരെ അടക്കിനിര്‍ത്തണം, ആരെ അഴിച്ചുവിടണം എന്നതെല്ലാം തില്ലങ്കേരിയുടെ താല്പര്യ പ്രകാരമാണ് നടന്നത്. ഇടയ്ക്ക് പോലീസിന്റെ മെഗഫോണ്‍ ഉപയോഗിച്ച് സമാധാന സന്ദേശവും നല്‍കി ശബരിമല കാക്കാന്‍ കണ്ണൂരില്‍ നിന്നു വന്ന ഈ പരിവാറുകാരന്‍. പക്ഷെ എത്ര പ്രകോപനത്തിനുള്ള പടപ്പുറപ്പാടും പതിനെട്ടാംപടി കടന്നില്ല. പോലീസിന്റെ അസാമാന്യമായ സംയമനം ശബരിമലയെ ശാന്തിയുടെ നികേതനമായിത്തന്നെ നിലനിര്‍ത്തി. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ആട്ടവിശേഷനാളില്‍ നടന്ന അഴിഞ്ഞാട്ടത്തെ വിശ്വാസി സമൂഹം തള്ളിപ്പറയേണ്ടേ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, വത്സന്‍ തില്ലങ്കേരി, പി. ശിവശങ്കരന്‍, കെ.എന്‍ ഗോപിനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.