Debate Super prime time

ബന്ധുനിയമനം; മന്ത്രി ജലീലും പെട്ടോ?

അദീബിന് അയോഗ്യതയില്ലെന്ന് അനവരതം പറഞ്ഞു കൊണ്ടിരിക്കുന്നു ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷന്‍. അദീബ് യോഗ്യനോ അയോഗ്യനോ എന്നതല്ല വിഷയം. കോര്‍പ്പറേഷന്‍ അതെങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. ഒരാള്‍ മാത്രം പരമയോഗ്യനും ബാക്കിയെല്ലാവരും അയോഗ്യരുമാകുന്നതില്‍ കുഴപ്പമില്ല. പക്ഷെ യോഗ്യന്‍ മന്ത്രിബന്ധുവാണെങ്കില്‍ അതാകണം ഏറ്റവും വലിയ അയോഗ്യത. കോര്‍പ്പറേഷന്റെ സംരക്ഷകനാകണമെന്ന് അദീബിന്റെ സവിധത്തില്‍ പോയി അഭ്യര്‍ത്ഥിക്കേണ്ട കാര്യം മന്ത്രിക്കില്ല. കോര്‍പ്പറേഷന്‍ അധികാരികള്‍ക്കും ഇല്ല. എന്നിട്ടും അപേക്ഷ അയയ്ക്കാന്‍ അപേക്ഷിക്കുന്നു. ഇന്റര്‍വ്യൂവിന് വരാതിരുന്നയാളെ വീട്ടില്‍ പോയി വിളിച്ചുകൊണ്ടുവരുന്നു. ഇതെല്ലാമാണ് ഈ നാട്ടില്‍ നടന്നത്. അദീബില്ലെങ്കില്‍ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ന്യൂനതകളൊന്നും മാറിക്കിട്ടില്ലെന്നു കരുതുന്നത് മന്ത്രിയുടെ മാത്രം വിശ്വാസമാണ്. ജനാധിപത്യ വിശ്വാസികള്‍ക്ക് ദഹിക്കാത്ത അന്ധവിശ്വാസം. അതുകൊണ്ടാണ് മന്ത്രിയുടെ ദൂതിന്റെ സദുദ്ദേശം സംശയിക്കപ്പെടുന്നത്. അദീബിന്റെ വില ജലീല്‍ മാത്രം നിശ്ചയിച്ചാല്‍ മതിയോ. പോരെന്ന സാമാന്യ തത്വം മന്ത്രിക്കും കൂട്ടര്‍ക്കും മാത്രം മനസിലാകാത്തത് എന്തുകൊണ്ടാണ്. പുറത്തറിയാത്ത നിയമനങ്ങള്‍ അകത്തളങ്ങളില്‍ ആവോളം നടക്കുന്നുണ്ടാകും. അതുതന്നെയാകാം മന്ത്രിക്കും ആത്മവിശ്വാസം നല്‍കിയിട്ടുണ്ടാവുക. പുറത്തറിഞ്ഞാല്‍ മാത്രം പ്രതിസന്ധിയാകും. അറിഞ്ഞില്ലെങ്കിലോ ആയിരം മേനി കൊയ്യാം. പക്ഷെ കൊയ്യാനിറങ്ങും മുമ്പേ കയ്യോടെ പിടിച്ചവരുടെ പട്ടികയില്‍ ജലീലും പെട്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പ്രൊഫ.എ.പി.അബ്ദുള്‍വഹാബ്, പി.കെ.ഫിറോസ്, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കുചേരുന്നു.