Debate Super prime time

വാക്‌സിനില്‍ വാശിയോ?

ഉത്തര്‍പ്രദേശിലെ വൈകുണ്‍ഡ് ധാം ശ്മശാനം ഒരു ടിന്‍ഷീറ്റു കൊണ്ട് കണ്ണുകെട്ടിയെങ്കിലും അവിടെ മൃതദേഹങ്ങള്‍ കൂട്ടമായി എരിയുന്നുണ്ട്. ബൈന്‍സാകുണ്ടില്‍, ഗുലാലാഘട്ടില്‍ ശ്മശാനങ്ങളില്‍ വിറകിന് ക്ഷമം. നിഗംബോധ്ഘട്ടില്‍ ഒരു ദിവസം വെണ്ണീറാവുന്നത് ശരാശരി നൂറ് ശരീരങ്ങള്‍. അഹമ്മദാബാദില്‍,സൂറത്തില്‍,രാജ്‌കോട്ടില്‍,വഡോദരയില്‍, ഭോപ്പാലില്‍ ശ്മശാനങ്ങള്‍ മരണത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. കേരളത്തില്‍ ദാ ഇന്ന് 22,214 രോഗികളാണ്. കോവിഡ് എന്ന സൂക്ഷ്മാണു അതിന്റെ ഭ്രാന്തന്‍ വാഴ്ചയിലാണ്. അപ്പോഴാണ് വാക്‌സിനിലെ നിര്‍ദമായ കമ്പോളക്കളി. പുതിയ വാക്‌സിന്‍ നയമാണത്രെ, വാക്‌സിനേഷന്‍ ഡ്രൈവ് ഉദാരമാക്കുകയാണത്രെ. പ്രിയപ്പെട്ട പ്രധാനമന്ത്രി ഉദാരത ആരോടാണ്. മഹാമാരിയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞുതീരുന്ന ഇന്നാട്ടിലെ അര്‍ദ്ധപ്പട്ടിണിക്കാരനോടാണോ അതോ ഇന്ത്യയില്‍ മരുന്നുകമ്പനികള്‍ക്ക് നിര്‍ബാധം വിപണി തുറന്നിട്ട് മുതലാളിയോട് കാട്ടുന്ന ഉദാരതയാണോ? മരുന്ന് നിര്‍മ്മാതാക്കള്‍ 50 ശതമാനം കേന്ദ്രസര്‍ക്കാരിന് നല്‍കും. 50 ശതമാനം വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍, കഴുത്തറപ്പന്‍ വിലയില്‍ സര്‍ക്കാരിനത് വേണമെങ്കില്‍ വാങ്ങാം. വാക്‌സിനേറ്റ് ചെയ്യാം. ജനത്തിന്റെ ആരോഗ്യം സംസ്ഥാനത്തിന്റെ മാത്രം ബാധ്യത. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു നികുതി ഒരുപാട് കേട്ടതല്ലേ,എന്താണ് കേന്ദ്രസര്‍ക്കാരെ വാക്‌സിന്റെ കാര്യത്തില്‍ ആ വണ്‍ നേഷന്‍ വണ്‍ തിയറി അങ്ങ് അട്ടത്തായി പോയത്. ഇനി ഓക്‌സിജന്റെ കാര്യം. അതിപ്പോള്‍ ശ്വാസവായു മാത്രമല്ല, മരുന്നാണ്. അവസാനത്തെ പിടിച്ചില്‍ പിടിച്ചുനിര്‍ത്താനുള്ള മരുന്ന്. രാജ്യത്തെ ഏറ്റവും പ്രധാനആശുപത്രികളില്‍ പോലും ആവശ്യത്തിന് ഓക്‌സിജനില്ല. ആവശ്യത്തിന് വാക്‌സിനും ഓക്‌സിജനും ഇല്ലാത്തപ്പോള്‍ നമ്മുടെ ഓക്‌സിജന്‍ കയറ്റുമതിക്ക് ,വാക്‌സിന്‍ ഡിപ്ലൊമസിക്ക് നല്ല നമസ്‌കാരം. വാക്‌സിനില്‍ വാശിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം പ്രകാശന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പി ആര്‍ ശിവശങ്കര്‍, മുഹമ്മദ് അഷീല്‍ എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.