Debate Super prime time

കയറൂരി വിട്ട പശുസംരക്ഷക ഗുണ്ടകളെ ആരു നിയന്ത്രിക്കും?

പശുഹത്യാ സംശയം പോലീസുകാരനെ വെടിവച്ചു കൊല്ലുന്നതില്‍ എത്തിനില്‍ക്കുന്നു. യു.പിയില്‍ പരിവാര്‍ ഒരു സൈന്യമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സൈന്യം. അതിനു കീഴിലാണ് പോലീസ് എന്ന് ബുലന്ദ്ശഹര്‍ തെളിയിക്കുന്നു. ദാദ്രി അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊലചെയ്യപ്പെട്ട സുബോധ് കുമാര്‍ സിംഗ്. അതിന്റെ പേരില്‍ തെരഞ്ഞുപിടിച്ചു നടപ്പാക്കിയ കൊലയെന്നാണ് ആരോപണം. ഇനി ഏതെങ്കിലും പശുഹത്യാ സംശയക്കേസില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാന്‍ മുതിരുമോ. സുബോധിന്റെ കുടുംബത്തെ ഇന്ന് യോഗി കാണുകയുണ്ടായി. ദു:ഖാര്‍ത്തരായ അവരുടെ വസതിയില്‍ എത്തിയല്ല. സ്വന്തം സവിധത്തിലേയ്ക്ക് വിളിച്ചു വരുത്തിക്കൊണ്ട്. മക്കളുടെ തലയില്‍ തൊട്ടൊരു ആശ്വാസ വചനമില്ല. ഒരു നിവേദക സംഘത്തെ കാണുന്നത്ര നിര്‍വികാരത. ഏതു വികാരപ്രകടനും പശുസംരക്ഷക ഗുണ്ടകള്‍ക്ക് വേദനിക്കുമെന്ന് യോഗിക്കറിയാം. അതുണ്ടാകരുതെന്നതാണ് യോഗിക്ക് മുഖ്യം. പശുവിനെ കയറില്‍ കെട്ടാം. എന്നാല്‍ കയറൂരി വിട്ട പശുസംരക്ഷക ഗുണ്ടകളെ ആരു നിയന്ത്രിക്കുമെന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എം.ബി.രാജേഷ്, എം.ലിജു, സന്ദീപ് വാര്യര്‍ എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കുചേരുന്നു.