Debate Super prime time

മോദി vs രാഹുല്‍ എന്ന സമവാക്യം ഊട്ടിയുറപ്പിക്കുകയാണോ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍?

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ രാജ്യം ഉറ്റുനോക്കിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നു. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധവികാരം പ്രധാനഘടകമായപ്പോള്‍ ജനപ്രിയ പദ്ധതികള്‍ കൊണ്ട് ചന്ദ്രശേഖര്‍ റാവു ജനത്തെ കൈയിലെടുത്തിരിക്കുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പോലെയാണ് വിധിയെങ്കില്‍ ജനം മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്ന അനുമാനത്തിലേക്ക് എത്തേണ്ടിവരും. ഏറ്റവും പ്രധാനം രാജ്യത്തെ കര്‍ഷകരുടെ നിലപാട് തന്നെയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമെന്നും നഗരങ്ങള്‍ ബി.ജെ.പിക്ക് ഒപ്പമെന്നതും വലിയ സൂചനയാണ്. കര്‍ഷകരോഷം മഹാരാഷ്ട്രയിലും രാജ്യതലസ്ഥാനത്തും കൂറ്റന്‍ റാലികളായി മാത്രമല്ല പ്രതിഫലിച്ചത് എന്ന് കരുതേണ്ടിവരും. മോദി vs രാഹുല്‍ എന്ന സമവാക്യം ഊട്ടിയുറപ്പിക്കുകയാണോ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍? കോണ്‍ഗ്രസ് സാധാരണക്കാരിലേക്ക്, കര്‍ഷകരിലേക്ക് കടന്നുചെന്നുകഴിഞ്ഞോ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. കോണ്‍ഗ്രസ് മടങ്ങിവരുന്നോ? സി.പി.എം എം.പി എ.സമ്പത്ത്, കോണ്‍ഗ്രസ് നേതാവ് പി .സി വിഷ്ണുനാഥ്, ബി.ജെ.പി മുഖ്യവക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.