Debate Super prime time

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്ന സൂചന എന്ത്?

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആരവം അടങ്ങി. പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്നതിന്റെ ആലോചനകള്‍ തുടങ്ങി. എന്നാല്‍ ഈ ഫലം കേരളത്തിന് നല്‍കുന്ന സൂചനകള്‍ എന്താണ്. കോണ്‍ഗ്രസ് കേരളത്തില്‍ ദുര്‍ബലമാകുന്നു എന്നതാണ് കുറച്ചുകാലമായി സി.പി.എമ്മിന്റെ മുഖ്യമുദ്രാവാക്യം. വളര്‍ന്നു വരുന്ന ശക്തി ബി.ജെ.പിയാണെന്ന പ്രതീതിയും സര്‍ക്കാര്‍ ചെലവില്‍ അവര്‍ കേരളത്തില്‍ സൃഷ്ടിക്കുന്നു. മറ്റേതു സര്‍ക്കാരിന്റെ കാലത്തും കാണാത്ത വിധം ഒരു തെരഞ്ഞെടുക്കപ്പെടാത്ത പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ എന്തിനാണ് ബി.ജെ.പിക്ക് താലത്തില്‍ വച്ചു നല്‍കുന്നത്. കേരളത്തിന്റെ മൂല്യങ്ങളെ പരിവാര്‍ വെല്ലുവിളിക്കുന്നെന്ന പര്‍വതീകരിച്ച പരിഭ്രാന്തി എന്തിനു പരത്തുന്നു. പോലീസ് ഇന്റലിജന്‍സിന് നിയന്ത്രിക്കാന്‍ കഴിയന്നത്ര ലഘുവായ ശബരിമല പ്രശ്‌നം നിരോധനാജ്ഞയിലൂടെ എന്തുകൊണ്ട് നിലനിര്‍ത്തിക്കൊടുക്കുന്നു. പ്രതിപക്ഷത്തിന്റെ സമരമുഖങ്ങളെ ബി.ജെ.പിയുടെ സമരത്തെക്കാള്‍ നിസാരമാക്കി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്. ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇത്തരം നീക്കങ്ങളെ വരും നാളുകളില്‍ അപ്രസക്തമാക്കുമോ. ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കേരളം ഒരുങ്ങുമ്പോള്‍ ഉയരുന്ന കാതലായ ചോദ്യം അതാണ്. ബി.ജെ.പിയുടെ ബദലാരെന്ന ബലാബലത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, എം.ടി.രമേശ് എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കെടുക്കുന്നു.