Debate Super prime time

ഫ്ലാറ്റിലും കിറ്റിലും കൈ പൊള്ളിയോ?

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്നൊക്കെ പറയും പോലെ ഫ്ലാറ്റ് മുതല്‍ കിറ്റ് വരെ സ്വപ്നയുമായി ബന്ധപ്പെട്ട എന്തിനും സര്‍ക്കാര്‍ സഹായം. ഐടി സെക്രട്ടറി, മന്ത്രി, മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് ഇങ്ങനെ പോകുന്നു സ്വപ്ന സഹായ പദ്ധതിയുടെ പ്രണേതാക്കള്‍. സ്വപ്നയ്ക്ക് താമസിക്കാന്‍ ഫ്ലാറ്റ് വേണം. ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് ഐടി വകുപ്പ്. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ വിളിക്കുന്നു. തുക കുറപ്പിച്ച് ഫ്ലാറ്റ് സംഘടിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ ശിവശങ്കര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ തന്നെ സ്വപ്നയ്ക്കും കുടുംബത്തിനും സുഖവാസം ഒരുക്കുന്നു. ബ്രോക്കര്‍ പണി വരെ എടുക്കുകയാണ് നമ്മുടെ ഐടി സെക്രട്ടറിയും പരിവാരവും. കഷ്ടം തന്നെ എന്നേ പറയേണ്ടൂ. ശിവശങ്കറിന് സ്വപ്നയുമായി സൗഹൃദമാകാം. എന്നാല്‍ ആ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമാകെ പ്രവര്‍ത്തിക്കുന്നെങ്കില്‍ അതിനെ സൗഹൃദം എന്നു കരുതി തള്ളാന്‍ കേരളത്തിന് ഇനിയാകില്ല. സെക്രട്ടറിയേറ്റിന്റെ ഇടനാഴിയിലും ഇനി എന്‍ഐഎയുടെ കാലൊച്ച കേള്‍ക്കുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എം.വി.ഗോവിന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, വി.വി.രാജേഷ്, അഡ്വ.എ.ജയശങ്കര്‍ എന്നിവര്‍.