Debate Super prime time

ലഹരിയിലും ഓഹരിയോ?

ബംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ മൊഴി പി.കെ.ഫിറോസ് പുറത്തുവിട്ടതോടെ പുതിയ വിവാദത്തിന് തുടക്കമായി. മുഹമ്മദ് അനൂപിന്, ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്നാണ് ഫിറോസ് പറയുന്നത്. ബന്ധമുണ്ടെന്ന കാര്യം ബിനീഷും സമ്മതിക്കുന്നു. എന്നാല്‍ മുഹമ്മദ് അനൂപിന് ലഹരിക്കടത്തുണ്ടെന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ബിനീഷ് പറയുന്നത്. മുഹമ്മദ് അനൂപിന് ബംഗളൂരുവില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചു. അവിടെയാണ് ലഹരി ഇടപാടുകള്‍ ഉറപ്പിച്ചിരുന്നത്. മുഹമ്മദ് അനൂപുമായി നൈറ്റ് പാര്‍ട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ലഹരിപ്പാര്‍ട്ടികളില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിട്ടുണ്ട്. പി.കെ.ഫിറോസ് എണ്ണിയെണ്ണിപ്പറയുന്നു. അതിനു ശേഷം ഗുരുതരമായ മറ്റൊരു ആരോപണവും ഫിറോസ് ഉന്നയിച്ചു. ജൂലൈ 10-ന് സ്വപ്ന ബംഗളൂരുവില്‍ പിടിയിലായ ദിവസം മുഹമ്മദ് അനൂപും ബിനീഷും ഇടതടവില്ലാതെ ഫോണ്‍ വിളിച്ചെന്ന്. അന്നൊറ്റ ദിവസം ബിനീഷ് കോടിയേരി, മുഹമ്മദ് അനൂപിനെ വിളിച്ചത് 26 തവണയെന്ന്. എന്നാല്‍ പരമപ്രധാനമായ ഒരു കാര്യം വാര്‍ത്താ സമ്മേളനത്തിനിടെ ഫിറോസ് പറയുകയുണ്ടായി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് അന്വേഷണം കടന്നുവരേണ്ട ഒരു കേസാണ് ഇതെന്ന്. അതു തടയാന്‍ പലപല സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നെന്ന്. ഗൗരവമായിത്തന്നെ കാണേണ്ട കാര്യമാണത്. കാരണം പി.കെ.ഫിറോസ്- ബിനീഷ് കോടിയേരി തര്‍ക്കം എന്നതിനപ്പുറത്തെ മാനങ്ങള്‍ അതിനുണ്ട്. ആ അന്വേഷണം നടക്കണം. സ്വര്‍ണക്കടത്തും ലഹരിക്കടത്തുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബിനീഷിലൂടെയോ അല്ലാതെയോ ആകട്ടെ മലയാള സിനിമയില്‍ ലഹരി മരുന്നുകള്‍ക്ക് വല്ലാത്തൊരു താരമൂല്യമുണ്ട്. ചില നിര്‍മാതാക്കള്‍ അത് തുറന്നു പറയുകയും ചെയ്തതാണ്. ഏതു വിവാദം വന്നാലും ഒരു കുടുംബം മാത്രം എപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി.കെ.ഫിറോസ്, ആന്റണി രാജു, ജ്യോതികുമാര്‍ ചാമക്കാല, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.