Debate Super prime time

കോവിഡ് റാണി പ്രയോഗം പിന്‍വലിക്കേണ്ടേ?

അന്ന് നിപ രാജകുമാരി പട്ടത്തിന് ശ്രമിച്ചു, ഇന്ന് കോവിഡ് റാണിയാകാന്‍ ശ്രമിക്കുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനില്‍നിന്ന് ഒരു വനിതാ മന്ത്രിക്കെതിരെ വന്ന പ്രയോഗമാണ്. അതും ഒരു വനിത ദേശീയ അധ്യക്ഷപദം അലങ്കരിക്കുന്ന പാര്‍ട്ടിയുടെ. പിഴവ് തിരുത്താം. ഖേദം പ്രകടിപ്പിക്കാം. പക്ഷേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. തന്നോട് പാര്‍ട്ടിയില്‍ ആരും അതൃപ്തി പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ലണ്ടന്‍ ഗാര്‍ഡിയന്‍ മന്ത്രി കെ.കെ ശൈലജയെ കേരളത്തിന്റെ റോക്ക് സ്റ്റാര്‍ എന്ന് വിളിച്ചതിനെ ഇന്ന് പറഞ്ഞ് വിശദീകരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വഷളാക്കി. റോക്ക് സ്റ്റാര്‍ റോക്ക് ഡാന്‍സറായി. കോവിഡ് കണക്ക് പറയുന്ന വാര്‍ത്താസമ്മേളനത്തില്‍ പതിവ് വിട്ട് മുഖ്യമന്ത്രി മുല്ലപ്പള്ളിക്ക് മറുപടി നല്‍കിയിരിക്കുന്നു. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളിയെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ പുതിയ കാലത്തെങ്കിലും പ്രതികരണങ്ങളില്‍ രാഷ്ട്രീയ ശരിപുലര്‍ത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ടേ? നേതാക്കള്‍ നേരയാവാതെ അണികള്‍ എങ്ങനെ നേരെയാകും? കോവിഡ് റാണി പ്രയോഗം പിന്‍വലിക്കേണ്ടേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അഡ്വ. രശ്മിത രാമചന്ദ്രന്‍, സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, ദീപ്തി മേരി വര്‍ഗീസ്, എ.എ റഹീം, നഴ്‌സ് അജന്യ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.