Debate Super prime time

അടൂര്‍ പ്രകാശ് അറിഞ്ഞുകൊണ്ടോ?

അടൂര്‍ പ്രകാശും അരുംകൊല സംഘവും തമ്മില്‍ എന്താണ് ബന്ധം. ഹക്ക് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിനുറുക്കിയവര്‍ എംപിയെ വിളിച്ച് അക്കാര്യം എന്തിന് അറിയിക്കണം. ലക്ഷ്യം നേടിയെന്നാണ് ഹക്കിന്റെയും മിഥിലാജിന്റെയും നെഞ്ചകം പിളര്‍ന്നതിനെപ്പറ്റി ഷജിത്ത് വിളിച്ചറിയിച്ചതെന്ന് ഇപി ജയരാജന്‍ ഇന്ന് വെളിപ്പെടുത്തി. പപ്പു യാദവ് എന്നു കേട്ടിട്ടുണ്ടല്ലോ. ബിഹാറില്‍ നിന്ന് പലവട്ടം ജയിച്ച എംപി. എംപിപ്പണിക്കു പുറമേ അക്രമിസംഘത്തെ പാലൂട്ടി വളര്‍ത്തുന്ന പതിവും പപ്പു യാദവിനുണ്ടായിരുന്നു. മുല്ലപ്പള്ളി പറയും പോലെ വെഞ്ഞാറമ്മൂട്ടില്‍ നടന്നത് ഗാങ് വാര്‍ ആണെങ്കില്‍ സ്വന്തം എംപിക്ക് ആ ഗാങ് വാറില്‍ എന്തുകാര്യം. അടൂര്‍ പ്രകാശ് തിരിച്ചടിച്ചിട്ടുണ്ട്. തെളിയിക്കാന്‍ വെല്ലുവിളിച്ചുകൊണ്ട്. എന്നാല്‍ ഷജിത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നത് ഇപിയുടെ ആരോപണത്തെ ബലപ്പെടുത്തുന്നു. സിപിഎമ്മിനോട് വാള്‍ ഉറയില്‍ ഇടണമെന്ന് ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിട്ടുള്ള നേതാവാണല്ലോ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. എങ്കില്‍ വെഞ്ഞാറമ്മൂട്ടിലെ കൊലപാതക രാഷ്ട്രീയത്തിന് തടയിടാന്‍ ആരുടെ വാളാണ് ഉറയില്‍ ഇടേണ്ടത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. അടൂര്‍ പ്രകാശ് അറിഞ്ഞുകൊണ്ടോ? പങ്കെടുക്കുന്നവര്‍- എസ്.സതീഷ്, ബി.ആര്‍.എം.ഷഫീര്‍, സി.ശിവന്‍കുട്ടി, അഡ്വ.എ.ജയശങ്കര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.