Debate Super prime time

ജനങ്ങള്‍ക്ക് മുന്നില്‍ നെഞ്ചിടിപ്പ് ആര്‍ക്ക്?

പ്രതിപക്ഷം വിവിധ വിഷയങ്ങളില്‍ ആരോപണം കടുപ്പിക്കുമ്പോള്‍ ജനവിശ്വാസം തേടാന്‍ സര്‍ക്കാരിന് അവസരമൊരുങ്ങുന്നു. ഉപേക്ഷിച്ചെന്ന് കരുതിയ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നവംബര്‍ മാസത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകളും നടന്നേക്കും. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് പിടിമുറുക്കുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുന്നത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ച മുതല്‍ ഡേറ്റാകച്ചവടം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുരൂഹത, സ്വര്‍ണക്കള്ളക്കടത്ത്, കണ്‍സള്‍ട്ടന്‍സി രാജ് അങ്ങനെ യുഡിഎഫും ബിജെപിയും ആരോപണങ്ങളിലൂടെ സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുന്നു. ഇതില്‍ ഒടുവിലായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസ് പ്രതികളുടെ ബന്ധം വരെ എത്തിനില്‍ക്കുന്നു. സര്‍ക്കാരിനെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങള്‍ എന്ന് പറഞ്ഞ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തട്ടെ എന്ന നിലപാട് കോടിയേരിയുടെ മകന്റെ കാര്യത്തിലും സിപിഎം ആവര്‍ത്തിക്കുന്നു. അന്വേഷണം കഴിയുമ്പോള്‍ ആര്‍ക്കാകും നെഞ്ചെടിപ്പ് കൂടുന്നത് എന്ന തര്‍ക്കം തെരഞ്ഞെടുപ്പ് കളത്തിലേക്ക് നീളുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ നെഞ്ചിടിപ്പ് ആര്‍ക്ക്? പങ്കെടുക്കുന്നവര്‍- കെഎന്‍ ബാലഗോപാല്‍, വി വി രാജേഷ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.