Debate Super prime time

കോള്‍ ലിസ്റ്റ് പിടിച്ചു കുലുക്കുമോ?

സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങുന്നു. സ്വപ്നയുടെ ഉന്നതബന്ധത്തിന് തെളിവില്ല എന്നതായിരുന്നു സര്‍ക്കാരിന്റെ പിടിവള്ളി. അത് ഇന്നു പൊളിഞ്ഞു. സ്വപ്നയുടെയും സരിത്തിന്റെയും കോള്‍ ലിസ്റ്റ് പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായത്. ശിവശങ്കറിനെ വിളിച്ചത് സ്വപ്ന മാത്രമല്ലെന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്ത് പല തവണ ശിവശങ്കറിനെ വിളിച്ചെന്ന് കോള്‍ ലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ചില കോളുകള്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യം ഉള്ളതാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തിയതും അസാധാരണമായി. ആ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുന്നു. അങ്ങനെ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് എത്തിയെന്ന് പറയാം. വസ്തുതകള്‍ കണ്ടെത്തിയാലല്ലേ നടപടി എടുക്കാന്‍ കഴിയൂ, ആരുടെയെങ്കിലും സങ്കല്പത്തില്‍ കാണുന്ന കാര്യങ്ങള്‍ വച്ച് അതിനു കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചിട്ട് നേരത്തോടു നേരമായപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. എന്നിട്ടും ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഗ്രൗണ്ട് ആയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വപ്നയുടെ ഉന്നതബന്ധവും സ്വപ്നയ്ക്കു കിട്ടുന്ന സര്‍ക്കാര്‍ സഹായവും പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയില്ലേ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എം.ബി.രാജേഷ്, കെ.എസ്.ശബരീനാഥന്‍, എസ്.സുരേഷ്, അഡ്വ. എസ്.എ.എസ്.നവാസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.