Debate Super prime time

മാറേണ്ടത് നേതൃത്വമോ പാര്‍ട്ടിയോ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ നടുതല്ലി വീണ കോണ്‍ഗ്രസിന് സടകുടഞ്ഞ് എഴുന്നേല്‍ക്കണം. കാരണം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഏതാനും കാതങ്ങള്‍ മാത്രമാണുള്ളത്. രാഷ്ട്രീയക്ഷതങ്ങള്‍ തീര്‍ക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രക്ഷാദൗത്യവുമായി തിരുവനന്തപുരത്ത് എത്തിയത്. എഐസിസി ദൂതന്റെ മുന്നിലെത്തിയതാകട്ടെ പരാതി പ്രളയമാണ്. ഗ്രൂപ്പുയുദ്ധവും ഏകോപനക്കുറവും അഴിച്ചുപണിയാവശ്യവും അടക്കം പതിവുപല്ലവികള്‍. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. തലപ്പത്ത് തലകള്‍ ഉരുളില്ല. ഡിസിസികളിലെ മാറ്റിപ്രതിഷ്ഠ കൊണ്ട് അഴിച്ചുപണി ഒതുങ്ങും. എന്നാല്‍ രാഷ്ട്രീയ കുശാഗ്രതയുടെ പുതുകാലത്ത്, തൊലിപ്പുറ ചികിത്സകൊണ്ട് പാര്‍ട്ടി കരുത്താര്‍ജിക്കുമോ. നേതൃത്വത്തിലുള്ള വിശ്വാസം തിരിച്ചു വരുമോ. പുതിയ തന്ത്രങ്ങളുമായി ഊര്‍ജം സംഭരിച്ച് മുന്നോട്ട് പോകാനാകുമോ. ഈ ചോദ്യങ്ങളുടെ ഉത്തരത്തിലുണ്ട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി. ഒരു കാര്യം ഉറപ്പാണ്, അടുത്ത യുദ്ധത്തിലെ പരാജയത്തിന് കോണ്‍ഗ്രസിന്റെ ജീവന്റെ വിലയുണ്ട്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പന്തളം സുധാകരന്‍, ആന്റണി രാജു, അഡ്വ.എ ജയശങ്കര്‍ എന്നിവര്‍.