Gulf News

യുഎഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റെടുക്കാം

യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. യു.എ.ഇയിലെ അംഗീകൃത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഏജന്റുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ജൂലൈ ഒന്ന് മുതല്‍ 14 വരെയുള്ള നാലാം ഘട്ടത്തില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.