മാതൃഭൂമി അക്ഷരോത്സവം കൊടിയിറങ്ങി; ഇനി അടുത്ത വര്‍ഷം ജനുവരിയില്‍
തിരുവനന്തപുരം: അനന്തപുരിക്ക് അക്ഷരങ്ങളുടെയുംആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം കൊടിയിറങ്ങി. കനകക്കുന്ന് കൊട്ടാരത്തിന്റെ പാലസ് ഹാളില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഇത്രയും ഭംഗിയായി ഒരു അക്ഷരോത്സവം സംഘടിപ്പിച്ച മാതൃഭുമിയെ അഭിനന്ദിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് മാതൃഭൂമി നല്‍കിയ സംഭാവനകളെ പുകഴ്ത്തിയ അദ്ദേഹം അക്ഷരോത്സവം മലയാള സാഹിത്യത്തെ ആഗോളതലത്തിലെത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 2020 ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ മൊമന്റോകള്‍ സമ്മാനിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ടി.കെ രാജീവ് കുമാര്‍ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.