News Agriculture

വയനാട്ടിലെ തരിശു ഭൂമിയില്‍ കൃഷി ഇറക്കി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്

വയനാട്: വയനാട്ടിലെ തരിശു ഭൂമിയില്‍ കൃഷി ഇറക്കി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള അരയേക്കര്‍ സ്ഥലത്താണ് ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപന തല പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം ഇവിടെ പച്ചക്കറി കൃഷി ചെയ്തത്. അരയേക്കര്‍ സ്ഥലത്തിന്റെ നാലു ഭാഗവും വേലി കെട്ടി സുരക്ഷിതമാക്കിയ ശേഷമാണ് പച്ചക്കറി നട്ടത്. സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നുള്ള വെളളമുപയോഗിച്ചാണ് ജലസേചനം. വെള്ളം പാഴാക്കാതെ സ്പ്രിംഗ് ഉപയോഗിച്ചാണ് പച്ചക്കറി നനയ്ക്കുന്നത്. കാബേജ്,  ബ്രോക്കോളി, കോളിഫ്ലവര്‍, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളെല്ലാം മികച്ച വിളവാണ് നല്‍കുന്നത്. കൃഷിക്ക് സാമ്പത്തിക സഹായം നല്‍കിയ കൃഷി വകുപ്പ് വേണ്ട ഉപദേശങ്ങള്‍ നല്‍കാനും ജീവനക്കാര്‍ക്കൊപ്പമുണ്ട്.