News Crime

90 കൊലപാതകങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി സാമുവല്‍ ലിറ്റില്‍

അരനൂറ്റാണ്ടിനിടെ 90ല്‍ അധികം കൊലപാതകങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തലുമായി കൊടുംകുറ്റവാളി. അമേരിക്കയില്‍ തടവറയില്‍ കഴിയുന്ന സാമുവല്‍ ലിറ്റില്‍ ആണ് കുറ്റസമ്മതം നടത്തിയത്. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരമ്പരകൊലയാളിയായി മാറുകയാണ് സാമുവല്‍ ലിറ്റില്‍. പേര് ലിറ്റില്‍ എന്നാണെങ്കിലും ആള് ചില്ലറക്കാരനല്ല. അരനൂറ്റാണ്ടിനിടെ കൊന്നൊടുക്കിയത് 90ല്‍ അധികം ആളുകളെയാണ്. കൂടുതലും സ്ത്രീകളെ. 1980-ലെ കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സാമുവല്‍ ലിറ്റിലിനെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ നിരന്തരം ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ദുരൂഹതകള്‍ ചുരുളഴിഞ്ഞത്. ഏതാണ്ട് തൊണ്ണൂറോളം കൊലപാതകങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നാണ് ലിറ്റിലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കയിലെ പല സ്‌റ്റേറ്റുകളിലായി നടന്ന ഈ കൊലപാതകങ്ങളുടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.