News Crime

ആണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് വത്തിക്കാനിലെ കര്‍ദിനാള്‍ കുറ്റക്കാരനെന്ന് കോടതി

ആണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് വത്തിക്കാനിലെ ഉന്നതനായ കര്‍ദിനാള്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ കോടതി. 1990ല്‍ നടന്ന സംഭവത്തിലാണ് വിധി വന്നത്. എന്നാല്‍ ഈ വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയയില്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല. വത്തിക്കാനിലെ മൂന്നാം സ്ഥാനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ആണ് പീഡനക്കേസില്‍ വിചാരണ നേരിട്ടത്. വത്തിക്കാനിലെ സാമ്പത്തിക വിഭാഗം തലവന്‍ കൂടിയായ പെല്‍ കേസില്‍ കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിധി ഓസ്‌ട്രേലിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിചാരണ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് കോടതി മാധ്യമങ്ങളെ വിലക്കിയിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകന്‍ ലൂയിസ് മില്ലിഗന്‍ എഴുതിയ പുസ്തകത്തില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ പ്രതിപാതിക്കുന്നുണ്ട്. മെല്‍ബണിലെ ആര്‍ച്ച്ബിഷപ്പായിരുന്ന വേളയിലാണ് കേസിനാസ്പദമായ കുറ്റം കര്‍ദിനാള്‍ ചെയ്തതെന്ന് പുസ്തകം വിശദീകരിക്കുന്നു. സെന്റ് പാട്രിക് പള്ളിയിലെ ക്വയര്‍ ഗ്രൂപ്പിലുള്ള രണ്ട് ആണ്‍കുട്ടികളെ പള്ളിയിലെ മുറിയില്‍ വെച്ച് ഹീനമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 'കത്തീട്രല്‍ ട്രയല്‍' എന്നാണ് ഈ കേസിന്റെ ഓസ്ട്രലിയില്‍ വിശേഷിപ്പിക്കപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു കേസ് കൂടി പെല്ലിന് എതിരേ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വിചാരണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ കേസ് എഴുപതുകളില്‍ സംഭവിച്ചതാണ്. അതിന് ഇരയായതും ആണ്‍കുട്ടികളാണ്. അവരെല്ലാം ഇന്ന് മുതിര്‍ന്ന പൗരന്മാരും. പള്ളി വികാരിയായിരുന്ന പെല്‍ രണ്ട് ആണ്‍ കുട്ടികളെ സ്വിമ്മിംഗ് പൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 'ദ സ്വിമ്മേഴ്‌സ് ട്രയല്‍' എന്നാണ് ഈ കേസിന്റെ വിളിപ്പേര്. അതേ സമയം കേസിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാത്തതില്‍ ഓസ്‌ട്രേലിയയില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.