News Crime

സ്വര്‍ണ്ണക്കടത്ത്: 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാട് സംബന്ധിച്ച് 12 മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ (ഇ.ഡി) ജോയിന്റ് ഡയറക്ടര്‍ ജയ്ഗണേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യലിനു ശേഷം രാത്രി 10 മണിയോടെയാണ് ബിനീഷിനെ പുറത്തുവിട്ടത്. ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ് ഡയറക്ടര്‍ ചെന്നൈയില്‍ നിന്നും ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.