News Crime

അമേരിക്കയെ ഞെട്ടിച്ച് ചൈനയുടെ ഹാക്കിംഗ്

പാശ്ചാത്യ രാജ്യങ്ങളില്‍ സ്വകാര്യ ഹാക്കര്‍മാരെ ഉപയോഗിച്ച് ചൈന ചാരപ്രവര്‍ത്തനം നടത്തിയതായി എഫ്.ബി.ഐയുടെ കണ്ടെത്തല്‍. രണ്ട് ചൈനീസ് പൗരന്മാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി സുപ്രധാന വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ്ഡ് പെഴ്‌സിസ്റ്റന്റ് ത്രെട്ടന്‍ എന്ന ഹാക്കിംഗ് സംഘാംഗങ്ങളായ രണ്ടു പേര്‍. സു ഹുവാ, സാങ് ഷിലോങ്. ഇവര്‍ രണ്ടു പേര്‍ക്കും എതിരേയാണ് ചാര പ്രവര്‍ത്തനത്തിന് തെളിവുമായി എഫ്.ബി.ഐ. രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടു പേരും ചൈനീസ് പൗരന്മാര്‍. ചൈനയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഹുവായിങ് ഹെയ്്ത്തി എന്ന കമ്പനിയില്‍ ഇരുവരും ജോലി ചെയ്തിരുന്നതായും ന്യൂയോര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. 2006 മുതല്‍ 2018 വരെ ഇവര്‍ വ്യാപകമായി സുപ്രധാന ബൗദ്ധിക സ്വത്തുകള്‍ ഹാക്കിംഗിലൂടെ കവര്‍ന്നതായി എഫ്.ബി.ഐ. ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയിലടക്കമുള്ള നാല്‍പത്തിയഞ്ചോളം കമ്പനികളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഇവര്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ഉപയോക്താക്കളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. ഇന്ത്യ, യു.കെ, അമേരിക്ക, കാനഡ, ബ്രസീല്‍, ഫിന്‍ലാന്റ്, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലെ ഇടപാടുകാരെ ഇത് ബാധിച്ചിട്ടുണ്ട്. ബാങ്കിംഗ് അടക്കമുള്ള സ്ഥാപനങ്ങളിലും ഇവര്‍ ഹാക്കിംഗ് നടത്തിയിട്ടുണ്ട്. അമേരിക്കന്‍ നാവിക സേനയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ കടന്ന് ഒരു ലക്ഷത്തിലധികം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായും എഫ്.ബി.ഐ. പറയുന്നു. എന്നാല്‍ ഇവര്‍ രാജ്യത്തിന് പുറത്തായതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് അമേരിക്കയ്ക്ക് പരിമിതിയുണ്ട്. ആഗോളശക്തിയായ അമേരിക്കയുടെ സ്ഥാനത്തേക്ക് കടന്നെത്താന്‍ ചൈന നടത്തുന്ന നിയമവിരുദ്ധ നീക്കം എന്നാണ് ഈ സംഭവത്തെ എഫ്.ബി.ഐ. വിലയിരുത്തുന്നത്.