News Crime

റഷ്യന്‍ ബന്ധത്തിന്റെ കുരുക്കിന് പുസ്തക പ്രതിരോധവുമായി ട്രംപ്

റഷ്യന്‍ ബന്ധത്തിന്റെ കുരുക്ക് മുറുകുമ്പോള്‍ പുസ്തക പ്രതിരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തെ ഇകഴ്ത്തുന്ന പുസ്തകങ്ങള്‍ വായിക്കണമെന്ന ട്വീറ്റുമായാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സമര്‍ത്ഥിക്കുന്നതാണ് ഈ പുസ്തകങ്ങള്‍. മുന്‍ രഹസ്യന്വേഷണ ഏജന്റ് ഡാന്‍ ബോംഗിനോയുടെ സ്‌പൈഗേറ്റ്: ദ അറ്റംപ്റ്റഡ് സബോട്ടാഷ് ഓഫ് ഡൊണാള്‍ഡ് ജെ ട്രംപ്, നിയമ വിദഗ്ധന്‍ ഗ്രെഗ് ജാറെറ്റിന്റെ ദ റഷ്യ ഹോക്‌സ് എന്നീ പുസ്തകങ്ങളാണ് ട്രമ്പ് പ്രോത്സാഹിപ്പിക്കുന്നത്. റഷ്യന്‍ വിവാദത്തില്‍ ട്രംപിനെ കുറ്റവിമുക്തനാക്കുന്ന ഒരു പിടി പുസ്തകങ്ങള്‍ കൂടിയുണ്ട്. ലയേഴസ്, ലീക്കേഴ്‌സ്, ആന്റ് ലിബറല്‍സ്: ദ കേസ് എഗന്‍സ്റ്റ് ദ ആന്റി ട്രമ്പ് കോണ്‍സ്പിറസി, ബാക്ക് ഇന്‍ ദ ഗെയിം, ദബ്രീഫിംഗ്: പൊളിറ്റിക്‌സ്, ദ പ്രസ്, ആന്റ് ദ പ്രസിഡന്റ് എല്ലാം ട്രംപ് സ്തുതികള്‍ തന്നെ. പറഞ്ഞു വയ്ക്കുന്നു ട്രംപിന് തെറ്റു ചെയ്യാനാകില്ലെന്ന്. അമേരിക്കക്കാര്‍ നിര്‍ബന്ധമായും വായിക്കണമെന്ന് നിര്‍ദേശിച്ച ഈ പുസ്തകങ്ങള്‍ ട്രംപ് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാകും ഉത്തരം. വായിക്കാന്‍ തനിക്ക് സമയം കിട്ടാറില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു ജാമ്യം എടുത്തിട്ടുണ്ട്.