News Crime

എല്‍ ചാപ്പോ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍

വിചാരണ നേരിടുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് ലോബിയുടെ തലതൊട്ടപ്പന്‍ ജോക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാന്‍ നിലവില്‍ തടവില്‍ കഴിയുകയാണ്. 2012 ഡിസംബറില്‍ പ്രസിഡന്റാകുന്നതിന് തൊട്ടു മുമ്പ് എന്റീക് പീനാ നീറ്റോയ്ക്ക് മധ്യസ്ഥന്‍ വഴി 712 കോടി രൂപ കൈമാറിയെന്ന് ഒരു കാലത്ത് എല്‍ ചാപ്പോയുടെ വലംകൈയായിരുന്ന അലക്‌സ് കിഫ്യൂന്റസാണ് മൊഴി നല്‍കിയത്. എല്‍ചാപ്പോയുടെ പണമിടപാട് ബന്ധത്തില്‍ ആരോപണ വിധേയനാകുന്ന ആദ്യ മെക്‌സിക്കന്‍ നേതാവല്ല പീനാ നീറ്റോ. മുന്‍ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി ജെനറോ ഗാഴ്‌സിയ ലൂണയ്ക്ക് എല്‍ ചാപ്പോ പണം നല്‍കിയെന്ന് വിചാരണ വേളയില്‍ എല്‍ ചാപ്പോയുടെ അക്കൗണ്ടന്റ് ജീസസ് സംപാദ ഗാഴ്‌സിയ മൊഴി നല്‍കിയിരുന്നു. മെക്‌സിക്കോയിലെ സിനോളാ സ്‌റ്റേറ്റിലെ കിരീടം വയ്ക്കാത്ത രാജാവായ എല്‍ ചാപ്പോ കൊളംബിയന്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനാണ്. കൊളംബിയയില്‍ നിന്ന് അമേരിക്കയിലേക്ക് ടണ്‍ കണക്കിന് കൊക്കെയിന്‍ കടത്തിയാണ് തുടക്കം. അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ വഴിയാണ് മയക്കുമരുന്ന് കടത്ത്. സുരക്ഷാ ഉദ്യോഗസ്ഥരെ കൈക്കൂലി നല്‍കി വശത്താക്കാനും മിടുക്കനായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാനും സമര്‍ത്ഥന്‍. പിടിക്കപ്പെട്ടെങ്കിലും അതിസമര്‍ത്ഥമായി രണ്ടു തവണ അതീവ സുരക്ഷാ സംവിധാനമുള്ള തടവറകള്‍ ഭേദിച്ചു രക്ഷപ്പെട്ടു. പിന്നീട് അറസ്റ്റ് ചെയ്ത എല്‍ ചാപ്പോയെ 2017 ജനുവരിയിലാണ് അമേരിക്കയ്ക്ക് കൈമാറുന്നത്. എല്‍ ചാപ്പോ അടക്കമുള്ള അധോലോക നായകന്മാരാണ് മെക്‌സിക്കോയെ കുപ്രസിദ്ധമായ മയക്കുമരുന്ന് സങ്കേതമാക്കി മാറ്റിയത്. രാജ്യത്ത് മയക്കുമരുന്ന് സംഘങ്ങളുടെയും കുറ്റവാളി ഗ്യാങ്ങുകളുടെയും ഏറ്റമുട്ടലുകളിലൂടെ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2006-വരെ മുപ്പതിനായിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.