News Crime

മയക്കുമരുന്ന് രാജാവ് എല്‍ചാപ്പോയുടെ വിചാരണ തുടരുന്നു; ശ്രദ്ധേയസാന്നിധ്യമായി ഭാര്യ എമ്മാ കൊറോണല്‍

അമേരിക്കയില്‍ വിചാരണ നേരിടുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് എല്‍ചാപ്പോയുടെ നിയമ നടപടികളില്‍ ശ്രദ്ധേയസാന്നിധ്യമാണ് ഭാര്യ എമ്മാ കൊറോണല്‍ എയ്‌സപ്യൂരോ. ഭര്‍ത്താവിന്റെ വിചാരണ നടപടി കാണാന്‍ എല്ലാ ദിവസവും അവര്‍ കോടതിയില്‍ എത്തും. കൊലപാതകങ്ങള്‍ അടക്കം കൊടും കുറ്റകൃത്യങ്ങള്‍ ഭര്‍ത്താവിന് എതിരേ ആരോപിക്കപ്പെടുമ്പോള്‍ കല്ലു പോലെ ഉറച്ച് എല്ലാം കേട്ടിരിക്കുകയാണ് കൊറോണല്‍. മെക്‌സിക്കോയില്‍ പിടിയിലായി അമേരിക്കയ്ക്ക് കൈമാറിയതാണ് ലോകം കണ്ട വലിയ അധോലോക കുറ്റവാളികളില്‍ ഒരാളായ എല്‍ ചാപ്പോയെ. ചാപ്പോയുടെ വിചാരണ നടപടികള്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച അന്നു മുതല്‍ ഭാര്യ എമ്മാ കൊറോണല്‍ എയ്‌സ്പ്യൂരോയും യു.എസിലുണ്ട്. അതീവ സുരക്ഷാ സംവിധാനമുള്ള കോടതി മുറിയില്‍ എല്ലാ ദിവസവും മുടങ്ങാതെ എത്തും കൊറോണല്‍ ഭര്‍ത്താവിന്റെ വിചാരണ നടപടികള്‍ കാണാന്‍. രണ്ടാം നിരയിലെ കസേരയില്‍ കനത്ത മുഖവുമായി അവര്‍ ഭര്‍ത്താവിനെ തിരെ സാക്ഷികള്‍ നടത്തുന്ന ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തലുകള്‍ കേട്ടിരിക്കും. പലപ്പോഴും കൊറോണലിനെതിരേയും ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും അവരെ നിയമനടപടികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.