News Crime

മെക്‌സിക്കോയിലെ സംഘര്‍ഷഭൂമിയായി തിഹ്വാന

മെക്‌സിക്കോയിലെ സംഘര്‍ഷഭൂമിയായി മാറുകയാണ് തിഹ്വാന. ഏറ്റവും ഒടുവില്‍ തിഹ്വാനയെ ഞെട്ടിച്ച കൊലപാതകമാണ് വനിതാ ഫുട്‌ബോളറായ മാര്‍ബെല്ലാ ഇബാരയുടേത്. അടുത്തിടെ നിരവധി വനിതകളാണ് ഈ മേഖലയില്‍ കൊല്ലപ്പെട്ടത്. മാര്‍ബെല്ലാ ഇബാരയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല തിഹ്വാന. മെക്‌സിക്കോയില്‍ വനിതാ ഫുട്‌ബോളിന് കരുത്തു പകര്‍ന്ന കായിക താരം. സ്വന്തം കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന താരം. കഴിഞ്ഞ ദിവസമാണ് മാര്‍ബെല്ലയെ തിഹ്വാനയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ശാരീരിക പീഡനങ്ങള്‍ ഏല്‍പിച്ച ശേഷമാണ് മാര്‍ബെല്ലയെ കൊലപ്പെടുത്തിയത്. മര്‍ദനമേറ്റ പാടുകള്‍ ശരീരത്തിലുണ്ട്. കൈകാലുകള്‍ ബന്ധിച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മെക്‌സിക്കോയില്‍ വനിതാ ഫുട്‌ബോളിന് അതിന്റേതായ സ്ഥാനം നേടിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച താരമാണ് മാര്‍ബെല്ലാ. പുരുഷ ക്ലബായ സോളോസിന് ബദലായി വനിതകളുടെ സോളോസ് ക്ലബിനും മാര്‍ബെല്ലാ രൂപം നല്‍കിയിരുന്നു. ഒട്ടേറെ വനിതകള്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നു വരികയും ചെയ്തിരുന്നു. ആ പ്രതിഭയെയാണ് കൊലപ്പെടുത്തിയത്. എന്നാല്‍ എന്തിനാണ് പ്രശസ്തയായ കായിക താരത്തെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത് എന്നത് അജ്ഞാതമാണ്. ആരാണ് കൊലപാതകത്തിന് പിന്നിലെന്നതും അവ്യക്തം. പക്ഷെ തിഹ്വാനയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ നിരവധി സ്ത്രീകളാണ് ഈ തീരദേശ നഗരത്തില്‍ കൊല്ലപ്പെട്ടത്. പൊതുവെ സാധാരണക്കാര്‍ കഴിയുന്ന ഈ നഗരം മെക്‌സിക്കോയിലെ സംഘര്‍ഷ ഭൂമിയാണ്. കഴിഞ്ഞ വര്‍ഷം ഈ നഗരത്തില്‍ 1750 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം 251 പേര്‍ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലും മനുഷ്യക്കടത്തും നഗരത്തില്‍ പതിവാണ്. മയക്കുമരുന്ന് മാഫിയകളാണ് നഗരത്തിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍.