News Crime

ഹുവായി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം

ചൈനീസ് സെല്‍ഫോണ്‍ കമ്പനിയായ ഹുവായിയെ നിയന്ത്രിച്ച് ലോകരാജ്യങ്ങള്‍. ചൈനയ്ക്ക് വേണ്ടി കമ്പനി ചാര പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് വിവിധ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. ഹുവായി ഫോണുകളുടെ സാങ്കേതിക വിദ്യയിലാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. പൗരന്മാരുടെ വിവരങ്ങള്‍ കമ്പനി ചോര്‍ത്തി ചൈനയ്ക്ക് നല്‍കാനുള്ള സാധ്യത രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിളിനെ വിറപ്പിച്ച ചൈനീസ് വമ്പനാണ് ഹുവായി. സെല്‍ഫോണ്‍ വില്‍പനയില്‍ രണ്ടാം സ്ഥാനം. 170 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു തങ്ങളുടെ വിപണി എന്നാണ് ഹുവായിയുടെ അവകാശം. എന്നാല്‍ ഹുവായി ടെക്‌നോളജീസിന് അടുത്ത കാലത്തായി വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കമ്പനി നിര്‍മ്മിക്കുന്ന സെല്‍ഫോണുകളില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം കനപ്പെട്ടതോടെയാണ് കമ്പനി പ്രതിസന്ധിയിലായിരിക്കുന്നത്. വമ്പന്‍ രാജ്യങ്ങളില്‍ പലരും ഹുവായിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. ഹുവായിയുടെ പശ്ചാത്തലം തന്നെയാണ് മറ്റു രാജ്യങ്ങള്‍ക്ക് സംശയമുണ്ടാകാന്‍ കാരണം. കമ്പനിയുടെ സ്ഥാപകന്‍ റെന്‍ സെഗ്ഫി എണ്‍പതുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ എന്‍ജിനീയറായിരുന്നു. സൈനിക അച്ചടക്കമുള്ള കോര്‍പറേറ്റ് ശൈലിയാണ് കമ്പനിയുടെ മാനേജ്‌മെന്റിന്. ഹുവായിക്ക് എതിരേ ചാരപ്രവര്‍ത്തന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത് അമേരിക്കയാണ്. 2012ല്‍ ആഭ്യന്തര രഹസ്യാനേഷണ സമിതി ഹുവായിക്ക് എതിരേ ഗുരുതര ആരോപണം ഉന്നയിച്ചതോടെയാണ് അമേരിക്കയില്‍ വിലക്ക് നേരിട്ട് തുടങ്ങിയത്. ഹുവായിയുടെ ഉപകരണങ്ങള്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും രാജ്യസുരക്ഷയ്ക്ക് വന്‍ വെല്ലുവിളിയാണെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഇതോടെ പല സ്ഥാപനങ്ങളും വ്യക്തികളും ഹുവായി ഉപേക്ഷിച്ചു. രാജ്യത്തിന്റെ ഉപരോധ നിയമങ്ങള്‍ ലംഘിച്ചതിനും കമ്പനിക്ക് എതിരേ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ മാസം അമേരിക്കയുടെ നിര്‍ദേശപ്രകാരം ഹുവായി സ്ഥാപകന്റെ മകളും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയുമായ മെംങ് വാങ്ഷൂവിനെ കനേഡിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് കാനഡ ഹുവായിയുടെ ഫൈവ് ജി സാങ്കേതിക വിദ്യയ്ക്കും വിലക്കേര്‍പ്പെടുത്തി. ഈ നടപടികളോടെ കാനഡയും ചൈനയും തമ്മിലുള്ള ബന്ധവും വഷളായി. ചൈനയില്‍ നിരവധി കനേഡിയന്‍ പൗരന്മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ഹുവായി ജീവനക്കാരനെ പോളണ്ടും അറസ്റ്റ് ചെയ്തു. കമ്പനിയുടെ ബിസിനസ് പങ്കാളിയായിരുന്ന പോളിഷ് പൗരനും പിടിയിലായി. ഫൈവ് ജി ശൃംഖലയിലൂടെ പോളണ്ടിലെ വിപണി പിടിച്ചെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഈ ഇരുട്ടടി. രാജ്യ സുരക്ഷയ്ക്ക് ഭീഷണി എന്നാരോപിച്ച് ഓസ്‌ട്രേലിയയും ഹുവായി, സീ ടി ഇ എന്നീ ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ ന്യൂസീലാന്റ് ഹുവായിയുടെ ഫൈവ് ജി ഫോണുകള്‍ നിരോധിച്ചു. കമ്പനിക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ജപ്പാനും മുഖം തിരിച്ചതോടെയാണ്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഹുവായിക്ക് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഹുവായി കമ്പനി നല്‍കുന്ന വിശദീകരണം. അതത് രാജ്യങ്ങളില്‍ അവിടുത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.