News Crime

ഖഷോഗിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് പുസ്തകം

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത് എങ്ങനെയാണ്. ഇനിയും ചുരുളഴിയാത്ത രഹസ്യം. കൊലപാതകകാരണവും വിധവും മൃതദേഹം എന്തു ചെയ്തു എന്നുള്ളതെല്ലാം ഇരുട്ടുമൂടി കിടക്കുകയാണ്. ആ രഹസ്യങ്ങളിലേക്ക് വെളിച്ചം വീഴ്ത്താനുള്ള മൂന്നു മാധ്യമപ്രവര്‍ത്തകരുടെ ശ്രമമാണ് 'ഡിപ്ലോമാറ്റിക് അട്രോസിറ്റി: ദ ഡാര്‍ക്ക് സീക്രട്ടസ് ഓഫ് ദ ഖഷോഗി മര്‍ഡര്‍' എന്ന പുസ്തകം. മാധ്യമപ്രവര്‍ത്തകരുടെ സ്വഭാവിക വാര്‍ത്താ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിശ്വസനീയമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം തെളിവുകള്‍ തേടുന്നത്. ലഭിച്ച വിവരങ്ങള്‍ നൂലിഴകീറി പരിശോധിച്ച് നടന്നത് എന്താണെന്ന് അന്വേഷിക്കുകയും ലോകത്തിന് പറഞ്ഞു കൊടുക്കുകയുമാണ് ഡെയിലി സബാഹ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകരായ ഫെര്‍ഹാത്ത് ഉന്‍ലു, നാസിഫ് കരാമന്‍, അബ്ദുറഹ്മാന്‍ സിംസക് എന്നീവര്‍ ചേര്‍ന്നെഴുതിയ പുസ്തകം. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗി പിന്നീട് തിരിച്ചിറങ്ങിയിട്ടില്ല. ഖഷോഗി കോണ്‍സുലേറ്റില്‍ പ്രവേശിച്ച നിമിഷം മുതല്‍ തുടങ്ങുകയാണ് അന്വേഷണം. ഖഷോഗി മരിച്ചെന്ന വിവരം ലഭിക്കുമ്പോള്‍ തന്നെ മറ്റൊരു നിര്‍ണായക വിവരം കൂടി തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി എഴുത്തുകാര്‍ പുസ്തകത്തില്‍ വിവരിക്കുന്നു. ഇസ്താംബുളിലെ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ ആ ദിവസം ഒരു സൗദി ജെറ്റ് ലാന്റ് ചെയ്തിരുന്നു. അതില്‍ പതിനഞ്ചംഗ സൗദി സംഘവുമുണ്ടായിരുന്നു. അതൊരു യാദൃശ്ചിക സംഭവമല്ലെന്ന് അടിവരയിട്ട് പറയുന്നു പുസ്തകം. 'ദ വാഷിംഗ്ടണ്‍ പോസ്റ്റി'ലെ കോളം എഴുത്തുകാരനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായ ഖഷോഗി വിവാഹരേഖകള്‍ ശരിയാക്കാനാണ് സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. പ്രതിശ്രുത വധു ഹാറ്റിസ് സെന്‍ഗിസ് പരാതിപ്പെടുമ്പോഴാണ് ഖഷോഗി അപ്രത്യക്ഷനാണെന്ന് പുറം ലോകം അറിയുന്നത്. സൗദി രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെട്ട പതിനഞ്ചംഗ സംഘം ഖഷോഗിയെ കാണാതായ സമയം സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. പിന്നീട് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരില്‍ ചിലര്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ട്. ഖഷോഗിയുടെ അവസാന നിമിഷങ്ങളില്‍ നടന്ന സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗ് പ്രധാന തെളിവാണ്. ഇതില്‍ ചിലതും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താന്‍ സുരക്ഷിതനാണ് എന്ന് ഖഷോഗിയെ കൊണ്ട് മകന് ഫോണില്‍ നിര്‍ബന്ധിച്ച് സന്ദേശം അയക്കുന്നതിന്റെ ശബ്ദ രേഖയുടെ ട്രാന്‍സ്‌ക്രിപ്റ്റും ഇതില്‍ ഉള്‍പ്പെടും. എന്തിനാണ് ഖഷോഗിയുടെ കൊലപാതകത്തിന് തുര്‍ക്കി തെരഞ്ഞെടുത്തതെന്നതിനും ഉത്തരം നല്‍കുന്നു പുസ്തകം. തുര്‍ക്കിയെ വിലകുറച്ചാണ് സൗദി കണ്ടിരുന്നത്. ആ രാജ്യത്തിന്റെ രഹസ്യന്വേഷണം ദുര്‍ബലമാണെന്ന ധാരണയും സൗദിക്കുണ്ടായിരുന്നു. എന്നാല്‍ ഖഷോഗിയുടെ മരണ ശേഷം തുര്‍ക്കി നടത്തിയ നീക്കം നിര്‍ണായകമാണ്. ആ കൊലപാതകത്തിന്റെ ലഭ്യമായ എല്ലാ തെളിവുകളും തുര്‍ക്കി രാജ്യാന്തര സമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ഖഷോഗിയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേര്‍ക്ക് നീളുകയാണ് ചുണ്ടു വിരല്‍. ഖഷോഗി തുര്‍ക്കിയെ പിന്തുണച്ചതും രാജകുടുംബത്തിലെ മറ്റ് ചിലരുമായി ഉണ്ടായിരുന്ന ബന്ധം മുഹമ്മദ് ബിന്‍ സല്‍മാനെ അസൂയാലുവാക്കിയിരിക്കാം എന്നുമാണ് പുസ്തകത്തിന്റെ കണ്ടെത്തല്‍. ഇനിയും ലഭിക്കാത്ത ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റിന്റെ കിണറ്റില്‍ മറവു ചെയ്തിരിക്കാം എന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ പുസ്തകത്തിന് എതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ധൃതി പിടിച്ച് തയാറാക്കി പുറത്തിറക്കി എന്നതാണ് അതിലൊന്ന്.